
തൃശൂർ: സ്ത്രീശാക്തീകരണവും തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനവും വെല്ലുവിളികളും സമൂഹമാദ്ധ്യമങ്ങളിലെ ബുള്ളിയിംഗും ഉൾപ്പെടെ ചർച്ച ചെയ്ത് കേരളകൗമുദി സംഘടിപ്പിച്ച വിമൺസ് കോൺക്ലേവ്. വനിതകളെ സംബന്ധിച്ച വിവിധ വിഷയങ്ങൾ മാത്രമല്ല, സ്ത്രീകളെ ഒതുക്കാനും മെരുക്കാനും സമൂഹം സ്വീകരിക്കുന്ന വിവിധ ഫ്രെയിമുകളും 'നല്ല കുട്ടി'കളാകണമെങ്കിൽ കടക്കേണ്ട കടമ്പകളും എല്ലാം പാനലിസ്റ്റുകൾ ചർച്ചയാക്കി.
സമൂഹം ചാർത്തിക്കൊടുക്കുന്ന വേലിക്കെട്ടുകളെ പൊട്ടിച്ചെറിയണമെന്നും രണ്ടാം തരത്തിൽ നിറുത്തേണ്ടവരല്ല സ്ത്രീകളെന്നും പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച എസ്.എൻ.ഡി.പി വനിതാ സംഘം കേന്ദ്ര സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
താൻ എഴുതാത്തതെന്തെന്ന് ആരും ചോദിക്കില്ലെന്നും എന്നാൽ അടുക്കളയിൽ കയറിയില്ലെങ്കിൽ എല്ലാവരും ചോദിക്കാനിടയുണ്ടെന്നും അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് പറഞ്ഞു. സ്ത്രീകളുടെ തലയിൽ കുടുംബം ഒരു അലാറം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദീപ കൂട്ടിച്ചേർത്തു. സ്ത്രീയുടെ പ്രശ്‌നം എല്ലാ കാലത്തും നിലനിൽപ്പാണെന്ന് ആക്ടിവിസ്റ്റ് അഡ്വ. ആശ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
സ്ത്രീകളെ അംഗീകരിക്കാൻ മടിക്കുന്ന സമൂഹത്തിന് മാറ്റം വരണമെങ്കിൽ സ്വന്തം വീടുകളിൽ നിന്നും ശ്രമം തുടങ്ങണമെന്ന് ഇരിങ്ങാലക്കുട നഗരസഭാ മുൻ ചെയർപേഴ്‌സൺ സോണിയഗിരി ചർച്ചയിൽ അഭിപ്രായപ്പെട്ടു. സ്ത്രീകൾ സ്വയം തിരിച്ചറിയണമെന്നും സ്വാഭിമാനം കണ്ടെത്തണമെന്നും വിമൻസ് എന്റർപ്രണേഴ്‌സ് നെറ്റ്‌വർക്ക് പ്രസിഡന്റ് സുൽത്താന ഫാത്തിമ പറഞ്ഞു.
ട്രെയിനിലും കുളിമുറിയിലും മൂത്രപ്പുരയിലും കുളിക്കടവിലും എഴുതുന്നവർ ഇപ്പോഴില്ലെന്നും ഈ മനോരോഗികളെല്ലാം സൈബർ ചുവരുകളിലാണ് എഴുതുന്നതെന്നും സൈബർ ബുള്ളിയിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദീപ നിശാന്ത് പ്രതികരിച്ചു. സ്ത്രീകളുടെ ശത്രു സ്ത്രീകളോ പുരുഷൻമാരോ അല്ലെന്നും സമൂഹം ചാർത്തിക്കൊടുക്കുന്ന മൂല്യബോധവും ചില ഫ്രെയിമുകളുമാണെന്നും കോൺക്ലേവിലെ പാനലിസ്റ്റുകളെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. പാനൽ ചർച്ചയ്ക്ക് ശേഷം കോൺക്ലേവിൽ പങ്കെടുക്കാനെത്തിയവരും ചർച്ചയിൽ പങ്കാളികളായി.
കേരളകൗമുദി സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ മോഡറേറ്ററായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ബാലൻ അമ്പാടത്ത്, പേളി ജോസ്, സജിത, കേണൽ റജീന, ജ്യുവൽ ബെൻസി, ക്രിസ്റ്റോ ജോർജ്, രാഹുൽ ഉണ്ണി, ഉണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചില വ്യവസ്ഥകളും ചുമതലകളും സ്ത്രീകൾക്ക് നൽകി ഒരു വരമ്പ് കടക്കാതിരിക്കാൻ സമൂഹം ചില പരിമിതികൾ ഒരുക്കുന്നുണ്ട്. പുരുഷൻ ചെയ്യുന്നതെല്ലാം സ്ത്രീ ചെയ്യുന്നതല്ല ലിംഗസമത്വം. രാഷ്ട്രീയരംഗത്തും പൊതുരംഗത്തും വനിതകൾക്ക് പ്രവർത്തിക്കണമെങ്കിൽ ഇരട്ടിശക്തി വേണമെന്ന് തോന്നിയിട്ടുണ്ട്. സമൂഹത്തിൽ മാറ്റം വേണമെങ്കിൽ സ്ത്രീ മുന്നോട്ടിറങ്ങണം.
-അഡ്വ. സംഗീത വിശ്വനാഥൻ, സാമൂഹിക പ്രവർത്തക
ശാക്തീകരണവും സന്തോഷവും ഒന്നല്ല, രണ്ടാണ്. ശാക്തീകരണത്തിലേക്കുള്ള വഴി പോരാട്ടത്തിന്റേതാണ്. ആരും ഒന്നും കൈയിൽ കൊണ്ടുതരില്ല. പോരാട്ട വഴിയിലൂടെ മാത്രമേ പുരോഗതിയിലേക്കും ഉന്നതിയിലേക്കും എത്താനാകൂ. ഭാവിയിൽ നമുക്ക് ഹുമനോയ്ഡുകളോടും ഏലിയനോടും നമുക്ക് പോരടിക്കേണ്ടിവരും. സ്ത്രീ, കുട്ടി, ദളിതൻ എന്നൊക്കെ പറയുമ്പോഴും ലിംഗം പറയുമ്പോഴും അവരുടെ മുൻപിൽ തളർന്നുപോകരുത്.
-അഡ്വ. ആശ ഉണ്ണിത്താൻ, ആക്ടിവിസ്റ്റ്
നിങ്ങളെ കാത്തൊരു ലോകമുണ്ട്, അത് ഈ ലോകം തന്നെയാണ്. സ്ത്രീകൾക്ക് മറ്റുള്ളവർ നിശ്ചയിച്ച് കൊടുക്കുന്ന ഒരു ഫ്രെയിമുണ്ട്. അത് പുരുഷൻ നിശ്ചയിച്ചതാണെന്ന് പറയില്ല. മഹാത്യാഗത്തിന്റെ കുപ്പായം സ്വയം തയ്ച്ചിടുന്നവരെ മാത്രമേ ലോകം അംഗീകരിക്കുകയുള്ളൂ. ആഗ്രഹങ്ങൾ വെടിഞ്ഞ് കുടുംബത്തിന്റെ ഇഷ്ടം നോക്കി നേടുന്ന നല്ല കുട്ടി എന്ന വിളിപ്പേര് അപകടം പിടിച്ചതാണ്. ഈ വേദിയിൽ ഇരിക്കുന്നുവെങ്കിൽ പോരാടി നേടിയതാണ്.
-ദീപ നിശാന്ത്, അദ്ധ്യാപിക, എഴുത്തുകാരി
നിങ്ങളുടെ സന്തോഷം നിങ്ങൾ തന്നെയാണ് നിശ്ചയിക്കേണ്ടത്. അതുപോലെ നമ്മൾ തന്നെയാണ് നമ്മളെ ആദ്യം അംഗികരിക്കേണ്ടതും. ഈ ലോകത്ത് സ്ത്രീകളെ അംഗീകരിക്കുന്ന എത്രപേരുണ്ടാകും. ഒരു അംഗീകാരവും ഒരാളും കൈയിൽ കൊണ്ടുതരില്ല. ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തണം. സ്വയം സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യണം.
-സോണിയ ഗിരി, ഇരിങ്ങാലക്കുട നഗരസഭാ മുൻ ചെയർപേഴ്‌സൺ
സ്ത്രീകൾ ഒരുമിച്ച് നിന്നാൽ ഒരുപാട് മാറ്റമുണ്ടാകും. ചില വനിതകൾ ബിസിനസ് രംഗത്തേക്ക് ഇറങ്ങുമ്പോൾ നിരുത്സാഹപ്പെടുത്തവരുണ്ട്. കുറച്ചുകാലം നോക്കുമായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിന്റസിന്റെ കാലത്ത് ലിംഗവ്യത്യാസം പറയുന്നതിലൊന്നും വലിയ കാര്യമില്ല. വനിതകൾ സഹായവുമായി നിരവധി ഗ്രൂപ്പുകളുണ്ട്. ആ സഹായക സംവിധാനം പ്രധാനമാണ്.
-സുൽത്താന ഫാത്തിമ, വിമൺ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്ക് പ്രസിഡന്റ്
സ്ത്രീകൾക്കാണ് ശക്തി കൂടുതലെന്ന് തോന്നിയിട്ടുണ്ട്. ഒരു വീട്ടിൽ ഒരു കുടുംബനാഥൻ മരിച്ചുപോയാൽ ആ കുടുംബം ഗൃഹന്നാഥ എങ്ങനെയെങ്കിലും ഏറ്റെടുത്ത് നടത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഗൃഹന്നാഥ മരിച്ചാൽ ആ കുടുംബം വളരെയേറെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. (പാനലിസ്റ്റ് അല്ലാതിരുന്ന എം.എൽ. റോസി ചോദ്യകർത്താവായാണ് അഭിപ്രായപ്പെട്ടത്).
-എം.എൽ.റോസി, കോർപറേഷൻ ഡെപ്യൂട്ടി മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |