
ചാലക്കുടി: ഫയർ ഫോഴ്‌സ് വാഹനം സൈറൺ മുഴക്കി മുന്നിലും കമ്പിക്കൊട്ടയിൽ കിടന്ന് അലറുന്ന പുലിയുമായി വനപാലകരുടെ വാഹനം തൊട്ടുപിന്നിലും. സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള ദൗത്യ സംഘത്തിന്റെ മിന്നൽ യാത്ര ദേശീയപാതയിൽ അത്യപൂർവ കാഴ്ചയായി. 2017 ആഗസ്റ്റ് 16നായിരുന്നു സംഭവം. വെറ്റിലപ്പാറയിലെ റബ്ബർ തോട്ടത്തിൽ പന്നിക്ക് വച്ച കെണിക്കൂട്ടിൽ അകപ്പെട്ടതായിരുന്നു പുള്ളിപ്പുലി. തേക്ക് മരത്തിൽ കെട്ടിയിരുന്ന കേബിൾ അരയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ്ടും റബ്ബർ മരത്തിനിടയിൽ അകപ്പെട്ടു. വനംവകുപ്പ് വെറ്ററിനറി ഓഫീസർ സ്ഥലത്തെത്തി മയക്കുവെടി വച്ചു. ഒന്നിൽ കൂടുതൽ വെടിയേറ്റാൽ ജീവന് ആപത്താകുമെന്ന ആശങ്കയിൽ പുലിയെ ഉടനെ വലയിലാക്കാൻ തീരുമാനിച്ചു. സാഹസിക പ്രവർത്തനത്തിന് ആര് തയ്യാറാകുമെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു മുനിപ്പാറ സ്വദേശിയും ചാലക്കുടി അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥനുമായ എ.വി.രെജു. അന്നത്തെ സ്‌റ്റേഷൻ ഓഫീസർ സി.ഒ.ജോയി രണ്ടുവട്ടം ചിന്തിക്കാതെ ദൗത്യം രെജുവിനെ ഏൽപ്പിച്ചു. രെജുവിന്റെ കരവിരുതിൽ പുലിയുടെ കഴുത്തിലും കാലുകളിലും കുടുക്കൾ വീണു. പുലിയെ കോടനാട് എത്തിക്കാനുള്ള കൂടുമായി എത്തിയ വാഹനം പുതുക്കാട് ചതുപ്പ് മണ്ണിൽ താഴ്ന്നു. പുലിയെ കൂടിനടുത്ത് എത്തിക്കാനായി പിന്നീടുള്ള ശ്രമം. വെടിയേറ്റ പുലി മയക്കത്തിൽ നിന്നുണർന്നു. രെജു തന്റെ വീട്ടിൽ നിന്നുമെത്തിച്ച കമ്പിക്കൊട്ടയിലാക്കി പുലിയെ പുതുക്കാട്ടെത്തിച്ചു. പിന്നീട് പുലിയെ കൂട്ടിലാക്കി കോടനാട്ടോയ്ക്ക്.
പുലിവാല് പിടിച്ചത് അയൽവാസി
ജനവാസ കേന്ദ്രത്തിലെത്തിയ പുള്ളിപ്പുലി കെണിയിൽ കുടുങ്ങിയതിന് പുലിവാല് പിടിച്ചത് പരിസരവാസിയാണ്. വെറ്റിലപ്പാറ മുണ്ടൻമാണി ജംഗ്ഷന് സമീപത്തെ പത്തേക്കർ റബർ തോട്ടത്തിലാണ് പുലി കെണിയിൽപ്പെട്ടത്. വനം വകുപ്പ് പരിസരവാസി കാർത്തികേയന്റെ പേരിൽ കേസെടുത്തു. എറണാകുളം സ്വദേശിയുടോതാണ് തോട്ടം. സ്ഥിരമായി പന്നി ശല്യമുള്ള ഇവിടെ ആരോ വച്ച കെണിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. തോട്ടം ഉടമ വിനോയ് ആകട്ടെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇവിടെ എത്തുന്നതും. ഇപ്പോഴും കേസ് നടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |