
തൃശൂർ: നിയമന ശുപാർശ ലഭിച്ച് ഒമ്പത് മാസം പിന്നിട്ടിട്ടും നിയമനം നൽകാതെ പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷൻ (കാംകോ). പ്രായപരിധി കഴിഞ്ഞതിനാൽ ശുപാർശ ലഭിച്ച 87 പേരിൽ പലരും അവസാനമായി കിട്ടിയ ജോലിയും നഷ്ടമാകുമെന്ന ആശങ്കയിലാണ്. വർക്ക് അസിസ്റ്റന്റ് തസ്തികയിലാണ് 87 പേർക്ക് നിയമന ശുപാർശ പി.എസ്.സി അയച്ചത്. നിയമന ശുപാർശ നൽകുന്നവർക്ക് മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട സ്ഥാപനം നിയമനം നൽകണമെന്നാണ് നിയമം.
2024 ജൂലായ് 11നാണ് നിയമന ശുപാർശ നൽകിയത്. 2021 ജൂലായ് 14നായിരുന്നു കാംകോ വർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം വന്നത്. അന്ന് 83 ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് നാല് ഒഴിവ് കൂടി വന്നു. 2024 ജൂൺ മൂന്നിന് റാങ്ക് ലിസ്റ്റ് പ്രിസിദ്ധീകരിച്ചു. ഓപ്പൺ മെറിറ്റ് 60, ഈഴവ 72, എസ്.സി 154, എസ്.ടി സപ്ലിമെന്ററി 2, മുസ്‌ലിം 96, എൽ.സി/എ.ഐ 210, ഒ.ബി.സി 69, വിശ്വകർമ 149, എസ്.ഐ.യു.സി നാടാർ 38, ധീവര 197 എന്നിങ്ങനെയാണ് നിയമന ശുപാർശ നൽകിയത്.
ഇഷ്ടക്കാർക്ക് താത്കാലിക നിയമനം
കൊവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ പിൻവാതിൽ നിയമനം നടത്തിയെന്നാണ് ആക്ഷേപം. വർക്ക് സ്റ്റഡിയുടെ പേരിലാണ് നിയമനം വൈകുന്നതെന്നാണ് പറയുന്നതെങ്കിലും യാഥാർത്ഥ്യം അതല്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. കരാർ അടിസ്ഥാനത്തിൽ 68 പേർക്കാണ് കാംകോയിൽ വർക്ക് അസിസ്റ്റന്റായി ജോലി നൽകിയതത്രേ. വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിലാണ് ഈ വിവരം ലഭിച്ചത്.
പി.എസ്.സി നിയമന ശുപാർശ നൽകിയവർക്ക് നിയമനം നൽകും. ഈ മാസം അവസാനം നടക്കുന്ന ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയും കൂടാതെ വർക്ക് സ്റ്റഡി നടത്തിയപ്പോൾ പുതിയ യന്ത്രങ്ങൾ വന്നതോടെ ജോലിക്കാരുടെ എണ്ണത്തിലും കുറവ് വരുത്തേണ്ടതുണ്ട്. അതു സംബന്ധിച്ച് സ്റ്റഡി റിപ്പോർട്ട് വരാനായാണ് നിയമന ശുപാർശ നൽകിയവർക്ക് ആറു മാസം കഴിഞ്ഞേ നിയമനം നൽകൂവെന്ന് സർക്കാരിനെ അറിയിച്ചത്.
-എൻ.രാജീവ്,
മാനേജിംഗ് ഡയറക്ടർ ഇൻചാർജ്,
കാംകോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |