
തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷന് നൽകിയ നെല്ലിന്റെ വില അടിയന്തരമായി ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുമ്പോഴും മില്ല് ഉടമകളുടേയും കർഷക സംഘടനാ പ്രതിനിധികളുടേയും യോഗം വിളിക്കാൻ ഇനിയും നീക്കമില്ല. മാർച്ചിൽ നെല്ല് വാങ്ങിയതിന്റെ പണം ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. രണ്ടാംവിള ഡിസംബറിൽ കൊയ്ത്തു കഴിഞ്ഞ് ഫെബ്രുവരി ആദ്യവാരത്തിലാണ് പലയിടത്തും കയറ്റിക്കൊണ്ടുപോയത്. ഒന്നാം വിളയിറക്കേണ്ട സമയമായിട്ടും രണ്ടാംവിള നെല്ലിന്റെ വില ലഭിക്കാതെ കർഷകർ നട്ടം തിരിയുകയാണ്. കൂടാതെ വേനൽമഴയും ക്വിന്റലിന് പത്ത് ശതമാനം വരെ അനധികൃതമായി കിഴിവ് ആവശ്യപ്പെടുന്ന മില്ലുടമകളുടെ സമ്മർദ്ദവും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നെല്ല് വില ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കുന്ന കർഷകർ തീരാദുരിതത്തിലാണെന്നും പി.ആർ.എസ് ലഭിച്ചിട്ടും ബാങ്കുകൾ വാങ്ങുന്നില്ലെന്നും കർഷക സംഘം അടക്കമുളള സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.സർക്കാരുമായി കരാർ ആയിട്ടില്ലെന്നാണ് അറിയുന്നതെന്നും കർഷകർ പറയുന്നു.
ട്രാക്ടറുകൾ ഇറങ്ങാൻ പോലുമാവാതെ...
മഴയെ തുടർന്ന് ചെളി നിറഞ്ഞ പാടത്തിലൂടെ ട്രാക്ടർ കൊണ്ടുപോകാനാതെ വലഞ്ഞ് വടക്കുപടിഞ്ഞാറൻ മേഖലയിലെ കർഷകർ. കൊയ്‌തെടുത്ത നെല്ല് കൊയ്ത്ത് മെതിയന്ത്രത്തിൽ കരയ്ക്ക് എത്തിച്ചാണ് പലയിടത്തും ട്രാക്ടറിൽ കയറ്റുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് നിന്ന് അര കിലോമീറ്ററോളം കൊയ്ത്ത് മെതി യന്ത്രം ഓടിച്ചാണ് നെല്ല് കരയ്ക്ക് എത്തിക്കുന്നത്. സമയ നഷ്ടവും ഒപ്പം കൂലിയിനത്തിലും വൻ നഷ്ടമാണ് കർഷകർക്ക്. കഴിഞ്ഞ ഡിസംബറിൽ പെയ്ത കനത്ത മഴയിൽ കൃഷി നശിച്ചതിനെതുടർന്ന് വീണ്ടും ഞാറു നട്ടാണ് കർഷകർ കൃഷിയിറക്കിയത്. കൊയ്ത്തിനൊരുങ്ങുന്നതിനിടെയാണ് വേനൽമഴയും എത്തിയത്. മഴ മാറി കൊയ്ത്ത് തുടങ്ങിയപ്പോഴാണ് ചെളി നിറഞ്ഞ പാടം വെല്ലുവിളിയായത്.
പുല്ലഴിയിൽ കൊയ്ത്ത് തീരുന്നു
നിരവധി പ്രതിസന്ധികൾക്കൊടുവിൽ പുല്ലഴി കോൾപ്പടവിൽ കൊയ്ത്ത് അവസാന ഘട്ടത്തിലേക്ക്. രണ്ടു ദിവസത്തിനുളളിൽ തീർക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. വേനൽമഴ ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കർഷകർ. എന്നാൽ മുഴുവൻ നെല്ലും മില്ലുടമകൾ കൊണ്ടുപോയിട്ടില്ലെന്നും കർഷകർ പരാതിപ്പെടുന്നു. നെല്ലിൽ ഈർപ്പമുണ്ടെന്ന് ആരോപിച്ചാണ് മില്ലുടമകൾ നെല്ല് എടുക്കാതെ കർഷകരെ ദുരിതത്തിലാക്കുന്നത്.
കർഷകർക്ക് നിരവധി പ്രതിസന്ധികളുണ്ടായിട്ടും സർക്കാർ തലത്തിൽ ഒരു യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമമുണ്ടായില്ല.
കൊളങ്ങാട്ട് ഗോപിനാഥൻ , പ്രസിഡന്റ്, പുല്ലഴി കോൾപ്പടവ് സഹകരണസംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |