
തൃശൂർ: തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയർ അവസാനിക്കുന്ന മെയ് മാസത്തോടെ തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജൻ. വിജ്ഞാന കേരളം തൊഴിൽ പൂരത്തിന്റെ ഭാഗമായി ഗവ. എൻജിനീയറിംഗ് കോളേജിലും വിമലാ കോളേജിലുമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ വിജ്ഞാന കേരളം സംസ്ഥാനത്തിന്റ വികസന മാതൃകകളിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ച് തൊഴിൽ ലഭ്യമാക്കുകയാണ് വിജ്ഞാന തൃശൂരിലൂടെ. അതിനായി വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ച് സാങ്കേതിക സഹായവും നൈപുണ്യ പരിശീലനവും നൽകി അവരെ പ്രാപ്തരാക്കിയെന്ന് മന്ത്രി പറഞ്ഞു.
അഭിമുഖം 35,000 തൊഴിലുകളിലേക്ക്
151 തൊഴിൽ ദാതാക്കളിൽ നിന്നും 577 മേഖലകളിലെ 35,000 തൊഴിലുകളിലേക്കാണ് അഭിമുഖങ്ങൾ നടന്നത്. ഗവ. എൻജിനീയറിംഗ് കോളേജിലും വിമല കോളേജിലുമായി 140 ക്ലാസ് മുറികളിലാണ് അഭിമുഖം സംഘടിപ്പിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങുകൾ പൂർണ്ണമായി ഒഴിവാക്കിയായിരുന്നു മേള. വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം തോമസ് ഐസക്ക് , വിജ്ഞാനകേരളം കൺസൾട്ടന്റ് ഡോ. പി. സരിൻ, ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.വി.ജ്യോതിഷ് കുമാർ, അനൂപ് കിഷോർ, വർഗ്ഗീസ് കണ്ടംകുളത്തി, കെ.എസ്. എഫ്.ഇ ഡയറക്ടർ അഡ്വ. യു.പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |