SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

മയക്കുവെടി വയ്ക്കാൻ ഇനിയെളുപ്പം, ഡ്രോൺ 'ഗജാസ്ത്രം' തയ്യാർ

elephant-drone-gajastra
ലക്ഷ്മി ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ ഡോ. പി.ബി. ഗിരിദാസ് ഒരുക്കിയ ഗജാസ്ത്രം സാങ്കേതിക വിദ്യയുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കാടിറങ്ങുന്ന വന്യമൃഗങ്ങളെയും ഉത്സവപ്പറമ്പുകളിൽ ഇടയുന്ന ആനകളെയും തളയ്ക്കാൻ ഇനി ഡ്രോണുകൾ പറക്കും. പിൻകാലിൽ സിറിഞ്ച് കൊള്ളിക്കുന്ന പരമ്പരാഗത മയക്കുവെടി രീതിക്ക് പകരമായി ഡ്രോൺ ഉപയോഗിച്ച് മയക്കുവെടി വയ്ക്കാവുന്ന 'ഗജാസ്ത്രം' എന്ന സംവിധാനമാണ് തയ്യാറാക്കിയത്.

മൂന്ന് പതിറ്റാണ്ടിലേറെക്കാലം ആനചികിത്സാ രംഗത്തുള്ള ഡോ. പി.ബി.ഗിരിദാസാണ് ഡ്രോണിൽ മയക്കുവെടി വയ്ക്കാവുന്ന വിദ്യ വികസിപ്പിച്ചത്. ഇന്നലെ തൃശൂരിലെത്തിയ ഉപരാഷ്ട്രപതി സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡമ്മികളിൽ മയക്കുവെടിവച്ച് നോക്കിയുള്ള പരീക്ഷണം വിജയമാണെന്നും ആവശ്യമായ ഘട്ടത്തിൽ സംവിധാനം പ്രയോജനപ്പെടുത്തുമെന്നും ഡോ. പി.ബി.ഗിരിദാസ് കേരളകൗമുദിയോട് വിശദീകരിച്ചു. ഒമ്പത് ലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതിക്കായി സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റാണ് ധനസഹായം നൽകിയത്.

ഗജാസ്ത്രം

500 മീറ്റർ അകലെ നിന്നും കൃത്യതയോടെ മയക്കുവെടി വയ്ക്കാവുന്നതാണ് ഗജാസ്ത്രം. റിമോട്ടിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ മയക്കുവെടിക്കുള്ള ക്യാപ്ചർ ഗണ്ണും സിറിഞ്ചും മരുന്നും അടക്കം ഒരുക്കിയാണ് ഉപകരണത്തിന്റെ പ്രവർത്തനം.

എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്നും റിമോട്ട് പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയാണ് ഡോ. ഗിരിദാസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. മൊബൈൽ സ്‌ക്രീനിൽ ആനയെ കണ്ട് റിമോട്ട് കൺട്രോൾ കൊണ്ട് വെടിവയ്ക്കാമെന്നതാണ് പ്രത്യേകത. തമിഴ്‌നാട് ആസ്ഥാനമായ ഗരുഡ കമ്പനിയുടെ ഡ്രോൺ പറവട്ടാനി സ്വദേശിയായ ഇന്റീരിയർ ഡിസൈനർ സി.ജി.വിനോദ് കുമാറിന്റെ സഹായത്തോടെ രൂപാന്തരപ്പെടുത്തിയാണ് ഗജാസ്ത്രം ഒരുക്കിയത്.

മൊബൈലുമായി ബന്ധിപ്പിച്ച് ജി.പി.എസ് സിസ്റ്റവും ക്യാമറയും മുഖാന്തരം കൃത്യത ഉറപ്പാക്കി ഫലപ്രദമായി ഉപയോഗിക്കാമെന്ന് കേന്ദ്ര നാട്ടാന പരിപാലന സംരക്ഷണ സമിതിയുടെ അംഗവും എലിഫന്റ് ഡാർട്ടിംഗ് എക്‌സ്‌പെർട്ടുമായ ഡോ. ഗിരിദാസ് പറയുന്നു. തൃശൂർ ജില്ലാ മൃഗസംരക്ഷണ മുൻ ഓഫീസർ ഡോ. അജിത് ബാബു, അസി. ഡയറക്ടർ ഡോ. മനോജ് മാത്യു, എസ്.പി.സി.എ ഇൻസ്‌പെക്ടർ ഇ.അനിൽ എന്നിവരുടെ സഹായവും ലഭിച്ചിരുന്നതായി ഗിരിദാസ് പറഞ്ഞു.

ഡോ. പ്രഭാകരൻ, ഡോ. ഗോപൻ എന്നിവർ മയക്കുവെടി വയ്ക്കാൻ പോയി കൊല്ലപ്പെട്ടവരാണ്. അക്രമകാരിയായ അനയുടെ അടുത്തേക്കെത്തി മയക്കുവെടി വയ്ക്കുകയെന്നത് എളുപ്പമല്ല. ഗജാസ്ത്രം അതിനൊരു പരിഹാരമാണ്.

-ഡോ. പി.ബി.ഗിരിദാസ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL