SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

പ്രചാരണം ടോപ് ഗിയറിൽ... വോട്ടുറപ്പിക്കാൻ നെട്ടോട്ടം..!

ele

തൃശൂർ: ഇനി ബാക്കിയുള്ളത് ആറ് ദിവസത്തെ ശബ്ദപ്രചാരണം. ഒരു ദിവസത്തെ നിശബ്ദ പ്രചാരണം. ഒമ്പതിന് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകും മുമ്പ് പരമാവധി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. കവലകൾ തോറുമുള്ള സ്വീകരണം അവസാനഘട്ടത്തിലാണ്. മുൻകാലങ്ങളിൽ വീടുകളിൽ ലഘുലേഖകളെത്തിച്ചുള്ള പ്രചാരണമായിരുന്നെങ്കിൽ ഇത്തവണ വോട്ടഭ്യർത്ഥനയും മറ്റും സോഷ്യൽമീഡിയ വഴിയാണ്. റീലും ട്രോളും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളുമൊക്കെയായി സ്ഥാനാർത്ഥികൾ നിറഞ്ഞുനിൽക്കുന്നു. വിവിധ ഏജൻസികൾ നടത്തുന്ന പ്രീപോൾ സർവേകളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങളും സോഷ്യൽ മീഡിയയിലുണ്ട്.

നിറയെ താരപ്രചാരകർ

അവസാനഘട്ടത്തിലേക്ക് പ്രചാരണം നീങ്ങിയതോടെ താര പ്രചാരകരും നിറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവർ ഇതിനകം പ്രചാരണത്തിന് എത്തിക്കഴിഞ്ഞു. ഇന്ന് സി.പി.എമ്മിനായി ജനറൽ സെക്രട്ടറി എം.എ.ബേബിയും യു.ഡി.എഫിനായി സച്ചിൻ പൈലറ്റ്, ശശി തരൂർ ഉൾപ്പെടെയുള്ളവരും ജില്ലയിലെത്തും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനടക്കമുള്ളവരെ എത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ.

മുക്കും മൂലയും നിറഞ്ഞ്
പ്രചാരണ വാഹനങ്ങൾ

നല്ലവരായ നാട്ടുകാരേ...ജനാധിപത്യ വിശ്വാസികളേ...പ്രിയമുള്ള വോട്ടർമാരേ... എന്നിങ്ങനെ ജനങ്ങളെ അഭിസംബോധന ചെയ്ത് നാടിന്റെ മുക്കിലും മൂലയിലും പ്രചാരണ വാഹനങ്ങൾ നിറയുകയാണ്. പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ദിവസങ്ങൾ ശേഷിക്കേ, മൂന്നും നാലും വാഹനങ്ങളാണ് ഓരോ പഞ്ചായത്തിലും രാവിലെ മുതൽ രാത്രി വരെ വോട്ട് തേടി തലങ്ങും വിലങ്ങും പായുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL