SignIn
Kerala Kaumudi Online
Sunday, 19 July 2026 2.38 AM IST

കേരളകൗമുദി ഹെൽത്ത് കോൺക്ലേവ് 'ഫഡക്കോപ്പ്' ഇന്ന്; ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരൻ

തൃശൂർ/കൊച്ചി: പ്രസിദ്ധീകരണത്തിന്റെ 115ാം വാർഷിക വേളയിൽ കേരളകൗമുദി കൊച്ചി, തൃശൂർ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്ത് കോൺക്ലേവ് 'ഫഡക്കോപ്പ് ' ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കും. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന വെല്ലുവിളികളായ ഫാറ്റി ലിവർ, ഡയബറ്റിസ് (പ്രമേഹം), കൊളസ്‌ട്രോൾ, പ്രഷർ (രക്ത സമ്മർദ്ദം) എന്നീ ജീവിതശൈലീ രോഗങ്ങളെ അധികരിച്ചാണ് കോൺക്ലേവ്. ആരോഗ്യ രംഗത്തെ നിരവധി ഡോക്ടർമാർ പങ്കെടുക്കുന്ന കോൺക്ലേവിൽ വിവിധ വിഭാഗങ്ങളിലെ പ്രശസ്തരായ ആരോഗ്യ വിദഗ്ധർ സംബന്ധിക്കുന്ന പാനൽ ചർച്ചയും ഉണ്ടാകും.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി, തൃശൂർ യൂണിറ്റുകളുടെ ചീഫുമായ പ്രഭു വാര്യർ ആമുഖ പ്രഭാഷണം നടത്തും. രാജൻ പല്ലൻ എം.എൽ.എ മുഖ്യാതിഥിയാകും. കേരളകൗമുദി പുറത്തിറക്കുന്ന 115 ഡോക്ടർമാരെ ഉൾപ്പെടുത്തിയുള്ള പുസ്തകം 'മെഡി ബീറ്റ്‌സി'ന്റെ കവർപേജ് പ്രകാശനവും ഡോ. ജേക്കബ് ജോൺ എഴുതിയ 'സ്‌നേഹക്കൂട്' എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും. കേരളത്തിന്റെ ആരോഗ്യ രംഗത്തിന് മികച്ച സംഭാവനകൾ നൽകിയവരെ മന്ത്രി ആദരിക്കും. മന്ത്രിക്കുള്ള കേരളകൗമുദിയുടെ സ്‌നേഹോപഹാരം പ്രഭുവാര്യർ സമ്മാനിക്കും.
തുടർന്ന് മന്ത്രിയുമായി കൗമുദി ടിവിയുടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ സംവദിക്കും. ഇതിനു ശേഷം ആരോഗ്യമേഖലയിലെ വിദഗ്ദ്ധരും മന്ത്രിയും തമ്മിലുള്ള സംവാദം നടക്കും.
ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചയോടെയാണ് കോൺക്ലേവ് സമാപിക്കുക. രാജൻ പല്ലൻ എം.എൽ.എ പാനൽ ചർച്ച ഉദ്ഘാടനം ചെയ്യും. ഐ.എം.എ കേരളയുടെ പ്രസിഡന്റ് ഇലക്ട് ഡോ. ഗോപികുമാർ, കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ കൺവീനർ ഡോ. രാജീവ് ജയദേവൻ, അമല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ പ്രൊഫസർ ഡോ.കെ. സോജൻ ജോർജ്, തൃശൂർ എറൈസ് ഡയബറ്റിസ് ആൻഡ് ഫാമിലി കെയർ മാനേജിംഗ് ഡയറക്ടർ ഡോ.കെ.എസ്. പ്രേംലാൽ, തൃശൂർ ആത്രേയ ആശുപത്രി മാനേജിംഗ് ഡയറക്ടറും ന്യൂറോ ശസ്ത്രക്രിയാ വിഭാഗം മേധാവിയുമായ ഡോ. രാംകുമാർ മേനോൻ, എറണാകുളം മെഡിക്കൽ സെന്റർ ഓങ്കോളജി വിഭാഗം സീനിയർ കൺസൾടന്റ് ഡോ.സി.എൻ. മോഹനൻ നായർ എന്നിവരാണ് പാനലിസ്റ്റുകൾ. ലിയോ രാധാകൃഷ്ണൻ മോഡറേറ്ററാകും.
ചടങ്ങിന് കേരളകൗമുദി ഡി.ജി.എം മാർക്കറ്റിംഗ് വി.കെ. സുഭാഷ് നന്ദി അറിയിക്കും. കോൺക്ലേവിൽ ഫാറ്റിലിവർ പ്രമേഹ പരിശോധനകളും സജ്ജീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, FA DA CO P
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL