SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.38 AM IST

കൊടുങ്ങല്ലൂർ-തൃശൂർ റോഡ് നിർമ്മാണം: റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവ്

1
1

കൊടുങ്ങല്ലൂർ: നിർമ്മാണം നീണ്ടുപോകുന്നതും വ്യാപകമായ പരാതികൾക്ക് കാരണമായതുമായ കൊടുങ്ങല്ലൂർ-തൃശൂർ റോഡ് നിർമ്മാണത്തിലെ പിഴവുകളും പോരായ്മകളും കണ്ടെത്താൻ ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ മാസം 29നകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്. ഇതിനൊപ്പം നാലാഴ്ചയ്ക്കകം റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി കോടതിക്ക് ഉറപ്പും നൽകിയിട്ടുണ്ട്. ലോകബാങ്ക് സഹായത്തോടെ 250 കോടി രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്യാനും, ഇരുവശങ്ങളിലും ടൈൽ പാകി നടപ്പാതയൊരുക്കാനും ലക്ഷ്യമിട്ടായിരുന്നു പദ്ധതി. 2021ൽ തുടങ്ങി 2024ൽ പൂർത്തിയാക്കേണ്ടിയിരുന്ന പ്രവൃത്തി ഏഴ് വർഷം കഴിഞ്ഞിട്ടും പൂർണ്ണമായില്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മൂവ്‌മെന്റ് ഫോർ ജസ്റ്റിസ് പ്രവർത്തകരായ പി.എ. സീതി മാസ്റ്റർ, പി.എ. കരുണാകരൻ എന്നിവർ അഡ്വ. ഷാനവാസ് മുഖേന സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വ്യക്തമായ പ്ലാൻ ഇല്ലാതെയാണ് നിലവിൽ നിർമ്മാണം നടക്കുന്നത്. റോഡിന്റെ വശങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളും വാട്ടർ അതോറിറ്റി പൈപ്പുകളും മാറ്റിസ്ഥാപിച്ച് വീതി കൂട്ടണമെന്ന് ഡി.പി.ആറിൽ വ്യവസ്ഥയുണ്ടായിരുന്നിട്ടും ഇത് പാലിച്ചില്ല. ഇതോടെ പല ഭാഗങ്ങളിലും അപകടങ്ങളും യാത്രാദുരിതവും പതിവായെന്നാണ് പരാതി. റോഡ് നിർമ്മാണം ഡി.പി.ആർ നിബന്ധനകൾ അനുസരിച്ചല്ല മുന്നോട്ട് പോകുന്നതെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സോഷ്യൽ മൂവ്‌മെന്റ് ഫോർ ജസ്റ്റിസ് ഭാരവാഹികളായ പി.കെ. ജസീൽ, പി.ജി. പാർത്ഥസാരഥി, വി.ആർ. രഞ്ജിത്ത്, ഇ.കെ. സോമൻ, പ്രൊഫ. കെ. അജിത, കെ.ടി. സുബ്രഹ്മണ്യൻ എന്നിവർ അറിയിച്ചു.

ഫെബ്രുവരിയിൽ തീർക്കാൻ

നേരത്തെ ഉത്തരവ്

നേരത്തെ 2026 ഫെബ്രുവരിയിൽ വർക്ക് പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും കെ.എസ്.ടി.പി സമയം നീട്ടി ചോദിക്കുകയാണുണ്ടായത്. ഇതിനിടയിൽ, ബലക്ഷയമുണ്ടെന്ന് പി.ഡബ്ല്യു.ഡി റിപ്പോർട്ട് ചെയ്ത പുല്ലൂറ്റ്, കരൂപ്പടന്ന പാലങ്ങൾ ഉൾപ്പെടെയുള്ള 5 കിലോമീറ്റർ ദൂരത്തിൽ 10 കോടി രൂപയുടെ ടെൻഡർ വിളിച്ച് ടാറിംഗ് നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്താൻ ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ പരിശോധന അനിവാര്യമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL