SignIn
Kerala Kaumudi Online
Monday, 06 July 2026 11.23 PM IST

വൺവേ ലംഘനം തുടർക്കഥ ; കുന്നംകുളത്ത് ഗതാഗതക്കുരുക്ക് പതിവ്

kurukku

കുന്നംകുളം : വൺവേ സംവിധാനം ലംഘിച്ച് വാഹനങ്ങൾ കടന്നുവരുന്നത് മൂലം കുന്നംകുളത്തെ നാലും കൂടിയ പ്രധാന ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ നഗരത്തിൽ ഏറെ നേരമാണ് ഗതാഗതം സ്തംഭിക്കുന്ന സാഹചര്യമുണ്ടായത്. തൃശൂർ, പട്ടാമ്പി ഭാഗങ്ങളിൽ നിന്ന് ബസുകളും കണ്ടെയ്‌നർ ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒരേസമയം നഗരത്തിലെത്തിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. വൺവേ സമയം തെറ്റിച്ചാണ് ഭൂരിഭാഗം വാഹനങ്ങളും ജംഗ്ഷനിൽ എത്തിയത്. ചില വാഹനങ്ങൾ വൺവേ നിയമം ലംഘിച്ച് എതിർദിശയിലൂടെ കടന്നുവന്നതും പ്രശ്‌നം കൂടുതൽ വഷളാക്കി. ഗതാഗതക്കുരുക്കിനെ തുടർന്ന് ദീർഘദൂര യാത്രക്കാരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടനുഭവിച്ചു. രാവിലെ 8 മുതൽ രാത്രി 8 മണി വരെയാണ് വൺവേ സമയമെങ്കിലും മിക്ക വാഹനങ്ങളും അത് പാലിക്കാത്തതാണ് കുരുക്കിന് വഴിവയ്ക്കുന്നത്. നഗരത്തിലെ നാലുംകൂടിയ ജംഗ്ഷനിലൂടെ കടന്നുവരാതെ മാർക്കറ്റിനകത്ത് കൂടിയാണ് പട്ടാമ്പി ഭാഗത്ത് നിന്നും വാഹനങ്ങൾ നഗരത്തിലേക്ക് എത്തേണ്ടത്. എന്നാൽ മിക്കപ്പോഴും ഇത് ലംഘിച്ച് നാലുംകൂടിയ ജംഗ്ഷനിലേക്ക് നേരെ കടന്നുവരുന്നതാണ് കുരുക്കിന് വഴിവയ്ക്കുന്നത്. ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പൊലീസ് ഇല്ലാത്തതും പ്രശ്‌നം വഷളാക്കുന്നു. നഗരത്തിൽ വൺവേ നിയമലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും ആവശ്യമായ സമയങ്ങളിൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL