SignIn
Kerala Kaumudi Online
Monday, 13 July 2026 9.25 AM IST

ജീവിതത്തിന്റെ 'മീറ്റർ' കാരുണ്യത്തിലേക്ക് തിരിച്ച് ഓട്ടോക്കാരൻ

san

തൃപ്രയാർ: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓട്ടോറിക്ഷയുടെ സ്റ്റിയറിംഗിൽ കൈവെയ്ക്കുമ്പോഴും, തെരുവിൽ അലയുന്നവർക്കും കിടപ്പുരോഗികൾക്കും ആശ്വാസമേകുന്ന കാളക്കൊടുവത്ത് സന്തോഷിന്റെ കാരുണ്യപ്രവർത്തനങ്ങൾ കാൽനൂറ്റാണ്ടിന്റെ നിറവിൽ. നാട്ടിക ശ്രീനാരായണ കോളേജ് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന സന്തോഷ് എന്ന ഓട്ടോ ഡ്രൈവർ ഇന്ന് നാട്ടുകാർക്ക് വെറുമൊരു ഡ്രൈവർ മാത്രമല്ല, ഒട്ടേറെ നിരാലംബരുടെ കണ്ണീരൊപ്പുന്ന കാരുണ്യത്തിന്റെ പര്യായമാണ്. കഴിഞ്ഞ 35 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന സന്തോഷ്, പ്രൈവറ്റ് വാഹനങ്ങളുടെ ഡ്രൈവറായും തൃപ്രയാറിലെ സ്വകാര്യ ലാബിലെ ഡ്രൈവറായുമൊക്കെ ജോലി ചെയ്യുന്നുണ്ട്. ഇതിനിടയിലെ വിശ്രമവേളകളിലാണ് സന്തോഷ് കാരുണ്യപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത്. കാരുണ്യപ്രവർത്തനങ്ങളെ മുൻനിറുത്തി നാളിതുവരെ നാൽപ്പത്തിയെട്ടോളം അവാർഡുകളാണ് സന്തോഷിനെ തേടിയെത്തിയിട്ടുള്ളത്.

സമീപത്തെ ബാർബർ ഷോപ്പിൽനിന്നാണ് മുടിവെട്ടാനുള്ള പ്രാഥമിക പരിചയം നേടിയത്. പിന്നീട് യൂട്യൂബ് നോക്കി കൂടുതൽ വൈദഗ്ധ്യം നേടി. ഇന്ന് തെരുവിൽ അലഞ്ഞുതിരിയുന്ന, ആരുമില്ലാത്ത, പ്രാകൃത രൂപത്തിൽ ജീവിക്കുന്ന മനുഷ്യരെ കണ്ടെത്തി അവരുടെ മുടിയും താടിയും വെട്ടി, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി അന്തസ്സോടെ ജീവിക്കാൻ സന്തോഷ് പ്രാപ്തരാക്കുകയാണ്.

ആശുപത്രികളിലെത്തിക്കാനും സഹായം

കിടപ്പു രോഗികളെ ആശുപത്രികളിൽ എത്തിക്കാനും സന്തോഷ് മുന്നിലുണ്ട്. കൂടാതെ, രോഗികൾക്ക് ആവശ്യമായ വീൽചെയറുകൾ, വാക്കിംഗ് സ്റ്റിക്കുകൾ, മറ്റ് സഹായ ഉപകരണങ്ങൾ എന്നിവയും വായിക്കാൻ പുസ്തകങ്ങളും സംഘടിപ്പിച്ചു നൽകും. ഈ സേവനങ്ങൾക്കൊന്നും സന്തോഷ് പൈസ വാങ്ങാറില്ല. തൃപ്രയാറിലെ ഫോട്ടോഗ്രാഫറായ ജയൻ ബോസ് സമയം കിട്ടുമ്പോഴെല്ലാം ഒപ്പം കൂടാറുണ്ട്. കൂടാതെ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത തൃപ്രയാറിലെ ഒരു ഡോക്ടറും ബാങ്ക് ജീവനക്കാരിയും ആവശ്യമായ സഹായങ്ങളും നൽകുന്നുണ്ട്. സന്തോഷിന്റെ ഈ നന്മ നിറഞ്ഞ യാത്രയ്ക്ക് പൂർണ്ണ പിന്തുണയുമായി അമ്മ തങ്കയും ഭാര്യ പ്രീതിയും മക്കളായ ഗോപിക തമ്പുരാനും വേദികയും ഒപ്പമുണ്ട്.


അവാർഡുകളല്ല, മറിച്ച് തെരുവിൽ അലയുന്ന അശരണർക്ക് തലചായ്ക്കാൻ ഒരു നല്ല ഷെൽട്ടർ (അഭയകേന്ദ്രം) ഒരുക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം.
സന്തോഷ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL