SignIn
Kerala Kaumudi Online
Friday, 17 July 2026 8.04 AM IST

കണക്കൻകടവ് റഗുലേറ്റർ തകർച്ച: മഴ പെയ്താൽ പ്രളയം, മാറിയാൽ ഉപ്പുവെള്ളം!'

photo-
2

മാള: കണക്കൻകടവ് റഗുലേറ്ററിലെ ഷട്ടറുകൾ തുടർച്ചയായി തകരുന്നതോടെ ചാലക്കുടിപ്പുഴയെ ആശ്രയിക്കുന്ന അഞ്ച് പഞ്ചായത്തുകൾ പ്രതിസന്ധിയിലേക്ക്. റഗുലേറ്ററിന്റെ തകരാർ മൂലം മഴ ശക്തമായാൽ വെള്ളപ്പൊക്കവും, മഴ കുറഞ്ഞാൽ കാർഷിക മേഖലയെ തകർക്കുന്ന ഉപ്പുവെള്ളക്കയറ്റവും ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. റഗുലേറ്ററിലെ ആകെ 12 ഷട്ടറുകളിൽ നാലെണ്ണം പൂർണ്ണമായും തകരുകയും മറ്റുള്ളവയിൽ ചിലത് പ്രവർത്തനരഹിതവുമാണ്. ഇതോടെ പുഴയിലെ ജലനിരപ്പ് ആവശ്യാനുസരണം ക്രമീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴ ശക്തമാകുന്നതോടെ പുത്തൻവേലിക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിലാകാൻ സാധ്യയേറെയാണ്. അതേസമയം, മഴ കുറയുന്ന ഇടവേളകളിൽ വേലിയേറ്റത്തിലൂടെ കുഴൂർ പഞ്ചായത്തിലേക്ക് ഉപ്പുവെള്ളവും കയറും.

കാർഷിക മേഖലയ്ക്ക് ഭീഷണി

വേനൽക്കാലത്തും മഴയുടെ ഇടവേളകളിലും പുഴയിൽ ഉപ്പുവെള്ളം കയറുന്നത് പ്രദേശത്തെ കാർഷിക മേഖലയെ സാരമായി ബാധിക്കും. കഴിഞ്ഞ തവണ ഇത്തരത്തിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് കുഴൂർ പഞ്ചായത്തിലെ നിരവധി ജാതിമരങ്ങൾ നശിച്ചിരുന്നു. സമാനമായ സാഹചര്യം വീണ്ടും ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. പുത്തൻവേലിക്കര, പാറക്കടവ്, കുന്നുകര, പൊയ്യ, കുഴൂർ എന്നീ അഞ്ച് പഞ്ചായത്തുകളിലെ പ്രധാന ജലസേചനകുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത് കണക്കൻകടവിലെ ശുദ്ധജലത്തെ ആശ്രയിച്ചാണ്. റഗുലേറ്ററിന്റെ പ്രവർത്തനം പൂർണ്ണമായി തകരാറിലായാൽ ഈ പ്രദേശങ്ങളിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലാകും.


പരിഹാരം വേണമെന്ന് നാട്ടുകാർ

1999ൽ നിർമ്മിച്ച ഈ റഗുലേറ്ററിലെ കേടുപാടുകൾ വർഷങ്ങളായിട്ടും ശാശ്വതമായി പരിഹരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. നിലവിലുള്ള തകരാറുകൾ പരിഹരിച്ച്, കൂടുതൽ ഷട്ടറുകൾ തകരുന്നതിന് മുൻപ് അടിയന്തരമായി നവീകരണം നടത്തണമെന്നും പുതിയ ഷട്ടറുകൾ സ്ഥാപിക്കണമെന്നുമാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL