SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.24 AM IST

ഈ മേളക്കൂട്ടിലുണ്ട് റിട്ട.ഡെപ്യൂട്ടി കളക്ടറും പൊലീസുകാരനും ആശാവർക്കറും

arangatam

കൊടകര: ഔദ്യോഗിക പദവികളുടെ തിരക്കുകൾക്കിടയിലും കലയെ നെഞ്ചിലേറ്റിയ ഒരു കൂട്ടം പഞ്ചാരിമേളത്തിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നു. റിട്ട.ഡെപ്യൂട്ടി കളക്ടർ, അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ, സ്‌കൂൾ അദ്ധ്യാപകൻ, ആശാ വർക്കർ എന്നിവരുൾപ്പെടുന്ന പത്തംഗ സംഘമാണ് ആളൂർ വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ 12ന് അരങ്ങേറ്റം കുറിക്കുന്നത്. കണ്ണൂർ ജില്ലയിൽ നിന്ന് 2024ൽ ഡെപ്യൂട്ടി കളക്ടറായി വിരമിച്ച കൊടകര വഴിയമ്പലം സ്വദേശി ഇ.എൻ.രാജു കഴിഞ്ഞ വർഷമാണ് ആളൂരിലെ മേളപരിശീലനക്കളരിയിൽ ചേർന്നത്. ചാലക്കുടി ഡി.വൈ.എസ്.പി ഓഫീസിലെ അസി.സബ് ഇൻസ്‌പെക്ടറും 2018ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ജേതാവുമായ കെ.എം. വിനോദാണ് മേളക്കൂട്ടിലെ മറ്റൊരു പ്രമുഖൻ. വരന്തരപ്പിള്ളി വേലുപ്പാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനായ ഫ്രാൻസീസ് തോമസ്, ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും മുൻ പഞ്ചായത്തംഗവുമായ ആശാ വർക്കർ ലത രാമകൃഷ്ണൻ എന്നിവരും ഈ മേളക്കൂട്ടിലുണ്ട്.

പഞ്ചാരിയിൽ കൊട്ടിക്കയറാൻ

വൈഭവ്, ആര്യനന്ദ വിനോദ്, സാർഥക് സലേഷ്, ശ്രീദേവ് സുഭാഷ്, ശിവദ് ജീവൻ, ധനവ് സൂര്യ രാജേഷ് എന്നീ കുട്ടിപ്പട്ടാളങ്ങളും പഞ്ചാരിയിൽ കൊട്ടിക്കയറാൻ ഇവർക്കൊപ്പമുണ്ട്. കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലാണ് പത്തുപേരും പരിശീലനം പൂർത്തിയാക്കിയത്. 12ന് വൈകിട്ട് 6ന് ആളൂർ വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അരങ്ങേറ്റച്ചടങ്ങ് തൃശൂർ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. കുറുംകുഴൽ, കൊമ്പ്, വലംതല, ഇലത്താളം എന്നിവയിൽ കൊടകര അനൂപ്, മച്ചാട് രാമചന്ദ്രൻ, കണ്ണമ്പത്തൂർ വേണുഗോപാൽ, കീനൂർ ഉണ്ണിക്കുട്ടൻ എന്നിവർ സഹമേള പ്രമാണിമാരാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL