
ഇഷ്ട ടീമുകൾക്കായി ആരാധകരുടെ പടവെട്ട്
തൃശൂർ: ഒരു മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് ഫൈനൽ കലാശപോര് നടക്കാനിരിക്കെ ആരാധകർ ആവേശകൊടുമുടിയിലാണ്. ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീന ആരാധകർ തന്നെയാണ് ആവേശത്തിൽ മുന്നിൽ. എന്നാൽ മികച്ച പോരാട്ടങ്ങൾ കാഴ്ച്ചവെച്ച് ഫൈനലിലെത്തിയ സ്‌പെയിനിനും ആരാധകർ ഏറെയാണ്. നാടിന്റെ വിവിധ ഭാഗങ്ങളിൽ ബിഗ്സ്‌ക്രീൻ ഒരുക്കി ഫൈനൽ കാണുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റി 20ന് പുലർച്ചെ 12.30മുതൽ തൃശൂർ ചെറുമുക്ക് അമ്പലത്തിന് സമീപമുള്ള ബി.ജെ.പി ജില്ലാ ഓഫീസിൽ നടക്കുന്ന പരിപാടിയിൽ ബിഗ് സ്‌ക്രീനിൽ സംപ്രേഷണം ചെയ്യും. മത്സരത്തിന് മുമ്പ് തന്നെ തങ്ങളുടെ ഇഷ്ട ടീം ജയിക്കുമെന്ന പ്രവചനങ്ങളും വെല്ലുവിളികളും തകൃതിയാണ്. സോഷ്യൽ മീഡിയയിലും ആരാധകർ തമ്മിലുള്ള വിജയം സംബന്ധിച്ച വീറൂറ്റ പോരാട്ടമാണ്. ആരാധകർ ഒരുഭാഗത്ത് പടവെട്ടുമ്പോൾ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് കായിക വകുപ്പ് മന്ത്രിയും മുൻ ഫുട്ബാൾ താരങ്ങളും കോച്ചുമാരും മറ്റു പ്രമുഖരും.
ഇഷ്ട ടീം അർജന്റീനയാണ്. ഫൈനലിലെത്തുകയും ചെയ്തു. തുടർച്ചയായ രണ്ടാം തവണയും ജേതാക്കളാകുമെന്നാണ് പ്രതീക്ഷ. സെമിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമുള്ള തിരിച്ചു വരവ് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു
( മന്ത്രി ഒ.ജെ.ജനീഷ്)
ഇതുവരെ കളിച്ച കളിയല്ല, നല്ല ഫൈനൽ ആയിരിക്കും. രണ്ടും മികച്ച ടീമുകളാണ്. അർജീന്റനയുടെയും സ്‌പെയിനിന്റെയും ഗെയിം പ്ലാൻ പ്രവചനാതീതമാണ്. എന്നിരുന്നാലും അർജീന്റനയ്ക്ക് നേരിയ മുൻതൂക്കം ഉണ്ട്. അവരുടെ ടീം സെറ്റാണ്.
( സി.വി.പാപ്പച്ചൻ, മുൻ ഇന്ത്യൻ ഇന്റർനാഷണൽ)
സ്‌പെയിനാണ് സാദ്ധ്യത. എല്ലാ കളിക്കാരും മികച്ചതാണ്. പ്രത്യേകിച്ച് യാസിൻ യമാൽ. അർജന്റീനയുടെ കളി മെസിയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്.
( എം.പീതാംബരൻ, മുൻ സന്തോഷ് ട്രോഫി ടീം കോച്ച്)
സ്‌പെയിൻ മികച്ച ടീം ആണ്. ഏകപക്ഷീയമായ രണ്ട് ഗോളിന് വിജയിക്കും
( നവാസ്, ന്യു ഫുട്‌ബാൾ ക്ലബ് കേരള, ഹെഡ്‌കോച്ച്)
എന്റെ ഇഷ്ട ടീം അർജന്റീനയാണ്. വിജയിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ സ്‌പെയിനിന്റെ മികച്ച ടീം വർക്കാണ്
( ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ)
ഒരിക്കൽ കൂടി മെസി കപ്പുയർത്തും. അർജന്റീനയ്ക്ക് തന്നെയാണ് ഏറ്റവും സാദ്ധ്യത. മെസി മികച്ച ഫോമിലാണ്
( മേരി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
ഒരോ മത്സരം കഴിയും തോറും മികച്ച പ്രകടനമാണ് അർജന്റീനയുടെ. ഇത്തവണയും മെസിയും കൂട്ടരും കപ്പുയർത്തും
(അഖിൽ.കെ.അരവിന്ദ്, അർജന്റീന ആരാധകൻ, ആസ്ട്രാസ് ക്ലബ് കരുമത്ര)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |