ചാലക്കുടി: കേരളത്തിന്റെ പ്രിയ കലാകാരൻ കലാഭവൻ മണിയുടെ പേരിൽ ചാലക്കുടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ച ഫോക്ക്‌ലോർ അക്കാഡമി ഉപകേന്ദ്ര നിർമ്മാണം ഇപ്പോഴും സർക്കാർ ഫയലിൽ വിശ്രമിക്കുന്നു. രണ്ട് വർഷം മുമ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ നിർമ്മാണ ചുമതല സർക്കാർ നേരിട്ട് ഏൽപ്പിച്ചെങ്കിലും പാരമ്പര്യ കലകളുടെ വികസനത്തിന് ഉതകുന്ന സ്ഥാപനം യാഥാർത്ഥ്യമാകുന്ന കാര്യത്തിൽ ഇപ്പോൾ ഒരു നീക്കങ്ങളും നടക്കുന്നില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ 3 കോടി രൂപ ഇതിനായി അനുവദിച്ചു. ഗവ.മോഡൽ ഗവ.സ്‌കൂളിന്റെ ഗ്രൗണ്ടിൽ നിന്ന് 30 സെന്റ് സ്ഥലവും നഗരസഭ വിട്ടുനൽകി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏജൻസിക്ക് നിശ്ചിത തുക മുൻകൂർ നൽകിയില്ലെന്നാണ് ആരോപണം. തുടക്കം മുതൽ വിവാദമായിരുന്നു ഇതുസംബന്ധിച്ച് ഉരുണ്ടുകൂടിയത്. സ്ഥലത്തിന്റെ ഉടസ്ഥതാവകാശം, നഗരസഭ ഭരണസമിതിയുടെ മാറ്റം, സംസ്ഥാനതദ്ദേശ സ്ഥാപനങ്ങളുടെ ചേരിപ്പോര് എന്നീ പ്രതിസന്ധികളിൽ കുടുങ്ങിയാണ് ചാലക്കുടിയുടെ വികസനത്തിന്റെ മറ്റൊരു നാഴികകല്ല് കൂടിയാകുന്ന പദ്ധതി ഇന്നും അനിശ്ചിതാവസ്ഥയിൽ കിടക്കുന്നത്.
അനുമതി നേടിയെടുത്തത് ബി.ഡി.ദേവസി
മുൻ എം.എൽ.എ ബി.ഡി.ദേവസിയാണ് പരമ്പരാഗത കലകളുടെ പഠനവും ഗവേഷണവും ലക്ഷ്യമിടുന്ന ഫോക്ക്‌ലോർ അക്കാഡമി ഉപകേന്ദ്രത്തിന് അനുമതി നേടിയെടുത്തത്. അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന എ.കെ.ബാലൻ ഇതിനായി ആദ്യ ഗഡു എന്ന നിലയിൽ 50 ലക്ഷം രൂപയും അനുവദിച്ചു. 2015-20 കാലഘട്ടത്തിലെ നഗരസഭ ഭരണസമിതി ഇതിന് 20 സെന്റ് സ്ഥലവും അനുവദിച്ചു. ദേശീയപാതയ്ക്ക് അക്വയർ ചെയ്ത സ്‌കൂൾ ഗ്രൗണ്ടിന്റെ കിഴക്ക് ഭാഗത്ത് അവശേഷിക്കുന്ന സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. ഇതിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നതിനിടെ നഗരസഭയിൽ യു.ഡി.എഫ് ഭരണസമിതിയായി. ഈ ഘട്ടത്തിലാണ് സ്ഥലത്തിന്റെ ഉടമസ്ഥത അവകാശത്തിൽ നഗരസഭ സംശയം പ്രകടിപ്പിച്ചത്. പിന്നീട് വിദ്യാഭ്യാസ വകുപ്പാണ് 10 സെന്റ് ഭൂമികൂടി വിട്ടുനൽകിയത്. ഇതിനിടെ പദ്ധതിക്ക് അനുവദിച്ച തുക 3 കോടിയായി സർക്കാർ ഉയർത്തി. അപ്പോഴേയ്ക്കും വർഷങ്ങൾ കടന്നുപോയി. ഒടുവിൽ സർക്കാർ നേരിട്ട് പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചു.
മുൻ സർക്കാരാണ് ഫോക്ക്‌ലോർ അക്കാഡമിയുടെ ഉപകേന്ദ്രത്തിന്റെ നിർമ്മാണം വൈകിപ്പിച്ചത്. പിന്നീട് ഏജൻസിയെ ഏൽപ്പിച്ചെങ്കിലും ഒന്നും നടന്നില്ല. ഉടനെ ഇതുസംന്ധിച്ച് വിവിധ വകുപ്പ് മേധാവി-ജനപ്രതിനിധി യോഗം വിളിച്ച് പ്രശ്‌നം ചർച്ച ചെയ്യും.
-സനീഷ്‌കുമാർ ജോസഫ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |