SignIn
Kerala Kaumudi Online
Friday, 07 August 2026 4.35 AM IST

കുറുപ്പം റോഡ് നിർമ്മാണം, 'കാന'ക്കുരുക്ക് അഴിക്കാൻ കോർപ്പറേഷൻ

photo

തൃശൂർ: കുറുപ്പം റോഡ് കോൺക്രീറ്റ് റോഡാക്കി ഉയർത്തിയതിനെത്തുടർന്ന് നടപ്പാതയും കാനയുമായുള്ള ഉയരവ്യത്യാസവും തടസങ്ങളും പരിഹരിക്കാൻ നടപടി ശക്തമാക്കി കോർപറേഷൻ. കാന നിർമ്മാണവും എസ്റ്റിമേറ്റും പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധ സമിതിയുടെ സേവനം തേടും. ഇത് സംബന്ധിച്ച് കോളേജ് പ്രിൻസിപ്പലിന് അടിയന്തരമായി കത്ത് നൽകാൻ തീരുമാനിച്ചതായി മേയർ ഡോ. നിജി ജസ്റ്റിൻ അറിയിച്ചു.
മുൻ ഭരണസമിതി റോഡ് നിർമ്മാണം മാത്രം പൂർത്തിയാക്കി തുറന്നു കൊടുത്തതിനെത്തുടർന്ന് കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും അപകടങ്ങൾ സംഭവിക്കുകയും പരാതികൾ ഉയരുകയും ചെയ്തിരുന്നു. തുടർന്ന് കാന നവീകരിച്ച് നടപ്പാത നിർമ്മിക്കാൻ അടിയന്തര സാങ്കേതികാനുമതി നൽകിയെങ്കിലും നിർമ്മാണവേളയിൽ ഉയർന്ന അപാകതകളെയും പരാതികളെയും തുടർന്ന് ഉദ്യോഗസ്ഥരും പരാതിക്കാരും നടത്തിയ സംയുക്ത പരിശോധനയിൽ പ്രവൃത്തി നിറുത്തിവയ്ക്കുകയായിരുന്നു. തുടർന്ന് മേയറുടെ ചേംബറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് എൻജിനിയറിംഗ് കോളേജിന്റെ പഠനം ആവശ്യപ്പെടാൻ തീരുമാനിച്ചത്. കൂടാതെ കോർപ്പറേഷൻ പൊതുമരാമത്ത് വിഭാഗവും പി.ഡബ്‌ളിയു.ഡി റോഡ് വിഭാഗത്തിലെ വിദഗ്ദ്ധരായ എൻജിനിയർമാരും ചേർന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തും. മേയർ ഡോ. നിജി ജസ്റ്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന കൗൺസിലിലെ പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ച തൃപ്തികരമാണെന്നും ഒരു വികസന പദ്ധതിയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്നും മേയറും ഡെപ്യൂട്ടി മേയർ എ. പ്രസാദും വ്യക്തമാക്കി.
യോഗത്തിൽ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. വില്ലി ജിജോ, പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ രഘുനാഥ് സി. മേനോൻ, ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, സൂപ്രണ്ടിംഗ് എൻജിനിയർ ഷൈബി ജോർജ്, അസി. എൻജിനിയർ പി.എ. മഹേന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL