തൃശൂർ: നിരവധി കുറ്റാന്വേഷണങ്ങളിൽ നിർണായക തുമ്പുകൾ കണ്ടെത്തിക്കൊടുത്ത പൊലീസിന്റെ മിടുക്കിയായ സഹായി പൊലീസ് നായ 'ഡോണ' ഇനി ഓർമ്മ. ശാരീരിക അവശതകളെത്തുടർന്ന് നാലിന് രാവിലെയോടെയായിരുന്നു അന്ത്യം. ജെർമൻ ഷെപ്പേഡ് വിഭാഗത്തിൽപ്പെട്ട ഡോണയ്ക്ക് 11 വയസായിരുന്നു പ്രായം. രണ്ട് വയസുള്ളപ്പോഴാണ് ഡോണ കേരള പൊലീസിന്റെ ഭാഗമായത്. കേരള പൊലീസ് അക്കാഡമിയിൽ ഒൻപത് മാസത്തെ കഠിന പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഔദ്യോഗിക സർവീസിൽ പ്രവേശിച്ചത്. സിവിൽ പൊലീസ് ഓഫീസർമാരായ പി.സുധീഷ്, പി.പ്രവീൺകുമാർ എന്നീ ഹാൻഡ്‌ലർമാരുടെ ശിക്ഷണത്തിലായിരുന്നു ഡോണയുടെ പരിശീലനം.
കുറ്റകൃത്യങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിലുള്ള മികവാണ് ഡോണയ്ക്ക് ഡോഗ് സ്‌ക്വാഡിലെ 'പുലി' എന്ന വിശേഷണം നേടിക്കൊടുത്തത്. വിയ്യൂരിലെ എട്ടുവയസുകാരന്റെ മരണം ഉൾപ്പെടെ പതിനെട്ടോളം സങ്കീർണമായ കേസുകളുടെ ചുരുളഴിച്ചത് ഡോണയുടെ കൃത്യതയാർന്ന തെരച്ചിലുകളായിരുന്നു.
ഡോണയുടെ കഴിവിന് മുഖ്യമന്ത്രിയുടെ മെഡൽ ഉൾപ്പെടെ നേടിയിട്ടുണ്ട്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഡോണയ്ക്ക് സഹപ്രവർത്തകർ യാത്രാമൊഴി നൽകിയത്. ഡി.സി പി.എച്ച്.ക്യു കമാൻഡന്റ് ചന്ദ്രശേഖരൻ, കെ.എ.പി രണ്ടാം ബറ്റാലിയൻ അസി. കമാൻഡന്റ് സിനി മോൾ എന്നിവർ റീത്ത് സമർപ്പിച്ച് ആദരാഞ്ജലികളർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |