രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ;ആശങ്ക വേണ്ടെന്ന് അധികൃതർ
തൃശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് ചെറിയതോതിൽ മണ്ണിടിച്ചിൽ. ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി, കനത്ത മഴയിൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കുതിരാൻ തുരങ്കത്തിന്റെ മുകൾ ഭാഗത്ത് രണ്ടിടങ്ങളിലായാണ് മണ്ണിടിച്ചിലുണ്ടായത്. പാറക്കെട്ടിനു മുകളിൽ മണ്ണും മരങ്ങളും ഉൾപ്പെട്ട ഭാഗമാണ് ഇടിഞ്ഞത്. മുൻപ് കിഴക്കൻ തുരങ്കമുഖത്തുണ്ടായ സമാന സംഭവത്തിന് പിന്നാലെ ശക്തിപ്പെടുത്തൽ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും പടിഞ്ഞാറൻ ഭാഗത്ത് അത്തരമൊരു സംവിധാനം ഇല്ലായിരുന്നു. എങ്കിലും നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ് എന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ പരിശോധനകളും ആവശ്യമായ മുൻകരുതലുകളും സ്വീകരിക്കും. ജിയോളജി ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധന നടത്തി. മണ്ണിടിഞ്ഞ പ്രദേശം മന്ത്രി ഒ.ജെ.ജനീഷ്, രാജൻ എം.എൽ.എ, കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനു ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മാത്യു നൈനാൻ, പാണഞ്ചേരി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ചാക്കോച്ചൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.അഭിലാഷ്, വാർഡ് മെമ്പർ സനിൽ വാണിയംപാറ എന്നിവരും എത്തിയിരുന്നു.
പഴയ റോഡ് സജ്ജമാക്കിയേക്കും
തുരങ്ക നിർമ്മാണത്തിന് മുമ്പ് ഉപയോഗിച്ചിരുന്ന റോഡ് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് സജ്ജമാക്കാനുള്ള സാദ്ധ്യതകൾ ഉടൻ തേടണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നിലവിൽ വനംവകുപ്പിന്റെ കൈവശമാണ് റോഡ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈവേ പട്രോളിംഗ് സംഘം ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉന്നതതല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാത കുതിരാനിൽ കുന്നിടിഞ്ഞ് മണ്ണും കല്ലുകളും താഴേക്ക് പതിച്ചതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സന്ദർശിച്ച ശേഷം മന്ത്രി ഒ.ജെ.ജനീഷ് പറഞ്ഞു. സംഭവത്തിൽ തൃശൂർ എൻജിനീയറിംഗ് കോളേജിലെ വിദഗ്ധസംഘം പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |