കൊടുങ്ങല്ലൂർ: രാജ്യത്ത് കോവിഡ്19ന്റെ ആദ്യ കേസ് സ്ഥിരീകരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, രോഗിയുടെ യാത്രാപശ്ചാത്തലവും ലക്ഷണങ്ങളും കൃത്യമായി വിലയിരുത്തി രോഗബാധയുടെ സാധ്യത തിരിച്ചറിഞ്ഞ പബ്ലിക് ഹെൽത്ത് നഴ്‌സ് ലിസി എം. സഗീർ 31 വർഷത്തെ ആരോഗ്യസേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ചു.
2020 ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യ കോവിഡ്19 കേസ് തൃശൂർ ജില്ലയിൽ സ്ഥിരീകരിച്ചത്.
ജനുവരി 25ന് വൈകീട്ട് മതിലകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ വുഹാനിൽനിന്ന് മടങ്ങിയ യുവതിയിൽ രോഗബാധയുടെ സാധ്യത സംശയിച്ച് മുന്നറിയിപ്പ് നൽകിയത് ലിസി എം. സഗീറായിരുന്നു.
ഡോക്ടറുടെ അസാന്നിദ്ധ്യത്തിൽ യുവതിയെ ആദ്യം പരിചരിച്ച ലിസി, യാത്രാ വിവരങ്ങളും രോഗലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെ കോവിഡ് ബാധയുടെ സാധ്യത സംശയിച്ചു. അന്ന് പ്രത്യേക കോവിഡ് പ്രോട്ടോക്കോൾ പോലും രൂപീകരിച്ചിരുന്നില്ല. എന്നാൽ മുൻകരുതലെന്ന നിലയിൽ യുവതിയോട് ഹോം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുകയും വിവരം മേൽ ആരോഗ്യ അധികാരികളെ അടിയന്തരമായി അറിയിക്കുകയും ചെയ്തു.
യാത്രഅയപ്പ് നൽകി
മാടവന കുടുംബാരോഗ്യ കേന്ദ്രത്തിൽ പബ്ലിക് ഹെൽത്ത് നഴ്‌സായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് ലിസി വിരമിച്ചത്. 31 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച ലിസിക്ക് 60ഓളം വരുന്ന ആശുപത്രി ജീവനക്കാർ തിങ്കളാഴ്ച വൈകീട്ട് യാത്രഅയപ്പ് നൽകി.
ആരോഗ്യവകുപ്പിൽ ലേ സെക്രട്ടറിയായി വിരമിച്ച പി.എ. മുഹമ്മദ് സഗീറാണ് ഭർത്താവ്. ഏകമകൾ ഡോ. ഹരിത സഗീർ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |