തൃശൂർ: കിരീടം കൈവിട്ടത് ഒരൊറ്റ ഗോളിന്. ഇത്തവണ കിരീടം തിരിച്ചുപിടിക്കാനുള്ള വാശിയിലാണ് തൃശൂർ മാജിക് എഫ്.സി. ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സിനോട് തോറ്റെങ്കിലും സ്വന്തം തട്ടകത്തിൽ തിരിച്ചടിക്കാമെന്ന പ്രതീക്ഷയിലാണ് ടീം. ഒക്ടോബർ ഒന്നിന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ് മാജിക് എഫ്.സിയുടെ ആദ്യ ഹോം മാച്ച്. കഴിഞ്ഞ സീസണിൽ കിരീടത്തിലേക്കുള്ള അവസാന പോരാട്ടത്തിൽ ഒരൊറ്റ ഗോളിനാണ് മാജിക് എഫ്.സി വീണത്. ആ നിരാശ ഇത്തവണ കരുത്താക്കി മാറ്റിയാണ് ടീം ബൂട്ടണിയുന്നത്. പരിശീലകനും താരനിരയുമടക്കം അടിമുടി മാറ്റങ്ങളുമായാണ് പുതിയ സീസണിൽ മാജിക്കിന്റെ വരവ്. സ്പാനിഷ് പരിശീലകൻ ഡേവിഡ് കനേഡയാണ് ഇത്തവണ ടീമിന്റെ തന്ത്രങ്ങൾ മെനയുന്നത്. യൂറോപ്യൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുമായെത്തുന്ന ഡേവിഡ് ടീമിന് പുതിയ ശൈലി നൽകുമെന്നാണ് പ്രതീക്ഷ. വിദേശതാരങ്ങളെയും പുതുതായി ടീമിലെത്തിച്ചിട്ടുണ്ട്. ഗോവയിൽനിന്നുള്ള ഇന്ത്യൻ ഇന്റർനാഷണൽ ലെനി റൊഡ്രിഗസാണ് കഴിഞ്ഞ ടീമിൽനിന്ന് നിലനിറുത്തിയ പ്രധാന താരം. മധ്യനിരയിൽ ലെനി കഴിഞ്ഞ തവണ ടീമിന്റെ മുന്നേറ്റത്തിൽ സുപ്രധാന പങ്ക് വഹിച്ചതാരമാണ്. മുഹമ്മദ് ജിയാദ്, മുഹമ്മദ് അഫ്‌സൽ, നവീൻ കൃഷ്ണ, സെന്തമിഴ്, കമാലുദ്ധീൻ എന്നിവരും ടീമിലുണ്ട്. കുന്നംകുളം സ്വദേശിയായ കമാലുദ്ധീനാണ് ഗോൾവല കാക്കുന്നത്.
താര നിര
ഹെൻട്രി പ്ലാസ മെൻഡോസ (വെനസ്വേല), ബ്ലാഡമിർ അംഗുലോ (കൊളംബിയ), സെർജിയോ ഗിൽ (സ്‌പെയിൻ) എകെജിയുബ (നൈജീരിയ) എന്നിവരാണ് വിദേശതാരങ്ങൾ. എസ് സന്ദീപ്, മുഹമ്മദ് അൻഷിദ്, മുഹമ്മദ് മിധിലാജ്, സിലാജിത്ത്, പബിത്ര മണ്ടി, രഞ്ജൻ സോറൻ എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ എഫ്.സിയുടെ ഗോൾവല കാത്ത റെക്‌സ് ഗബ്രിയേൽ ഫെർണാണ്ടോയാണ് ഗോൾകീപ്പർ പരിശീലകൻ. ജോപോൾ അഞ്ചേരിയും ദിലീപ് മേനോനുമാണ് സഹപരിശീലകർ. സുശാന്ത് മാത്യുവാണ് സ്‌പോർട്ടിംഗ് ഡയറക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |