തൃശൂർ: മകളുടെ ഓരോ ചാട്ടത്തിനും പിന്നിൽ ഓട്ടോയുടെ സ്റ്റിയറിംഗിൽ മുറുകിപ്പിടിച്ച ഒരു അച്ഛന്റെ കൈകളുണ്ട്. ചൈനയിൽ 6.63 മീറ്റർ ചാടി നേടിയ വെള്ളിക്ക് മുകളിൽ ഇത്തവണ സ്വർണം ലക്ഷ്യമിട്ട് ആൻസി സോജൻ ഇറങ്ങുമ്പോൾ നാട്ടിക സ്വദേശി സോജന്റെ കാത്തിരിപ്പ് നഗോയയിലെ ലോംഗ് ജമ്പ് പിറ്റിലേക്കാണ്.
ഇന്ന് രാവിലെ 8.50നാണ് ആൻസിയുടെ ലോംഗ് ജമ്പ് പ്രാഥമിക റൗണ്ട്. തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലാണ് ആൻസി ഇന്ത്യക്കായി മത്സരിക്കുന്നത്. എതിർപ്പുകളും സാമ്പത്തിക പരാധീനതകളും മറികടന്ന് മക്കളെ കായികരംഗത്തേക്ക് കൈപിടിച്ചുയർത്തിയ സോജന് ഇന്ന് അഭിമാനത്തിന്റെ ദിനമാണ്. നാട്ടിക ഫിഷറീസ് സ്‌കൂൾ ഗ്രൗണ്ടിൽനിന്ന് കുതിച്ചുയർന്ന മകൾ രാജ്യാന്തര വേദിയിൽ സ്വർണത്തിനായി ചാടുമ്പോൾ, തന്റെ തീരുമാനങ്ങൾ തെറ്റിയില്ലെന്ന ആത്മസംതൃപ്തിയിലാണെന്ന് അച്ഛൻ സോജൻ കേരളകൗമുദിയോട് പറഞ്ഞു. മറ്റൊരു മകൾ അഞ്ജലിയും മികച്ച ലോംഗ് ജമ്പ് താരമായി വളരുകയാണ്. കായിക താരമായിരുന്ന ജാൻസിയാണ് ഭാര്യ. ഡൊമനിക്കാണ് മകൻ.
നിറഞ്ഞ ആത്മവിശ്വാസം
ചൈന ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. അടുത്തിടെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ലോംഗ് ജംപ് പിറ്റിൽ പുതുചരിത്രം കുറിച്ചത് ആൻസിക്ക് ആത്മവിശ്വാസം പകരുന്നു. 65ാമത് ദേശീയ അന്തർ സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ, 2004ലെ ഏതൻസ് ഒളിമ്പിക്‌സിൽ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്ററെന്ന റെക്കാഡ് 6.88 മീറ്ററാക്കി ആൻസി തിരുത്തി.
ഇന്നലെയും വിളിച്ചിരുന്നു. കൃത്യമായി പരിശീലനം നടത്തുന്നുണ്ട്. സ്വർണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആൻസി പറഞ്ഞു.
സോജൻ,ആൻസിയുടെ പിതാവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |