
തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ ഒരു ദിവസം മുഴുവൻ വൈദ്യുതി മുടങ്ങിയതോടെ ചികിത്സാ സംവിധാനങ്ങൾ താളംതെറ്റി. 30 ഓളം പ്രധാന ശസ്ത്രക്രിയകളും 200ലേറെ ചെറുശസ്ത്രക്രിയകളും മാറ്റിവച്ചു. ഒ.പി വിഭാഗത്തിന്റെ പ്രവർത്തനവും നിലച്ചു. വ്യാഴാഴ്ച രാത്രി പത്തോടെയാണ് വൈദ്യുതി തകരാർ അനുഭവപ്പെട്ടത്. തകരാർ പരിഹരിക്കാനാകാതെ വന്നതോടെ ഇന്നലെ രാവിലെ ഏഴോടെ ആശുപത്രിയിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ചു. വൈകിട്ട് നാലായിട്ടും തകരാറിന്റെ കാരണം കണ്ടെത്താനായില്ല. കെ.എസ്.ഇ.ബി വിതരണത്തിലല്ല പ്രശ്‌നമെന്നും ആശുപത്രിക്കുള്ളിലെ വയറിംഗിലോ മെയിൻ സ്വിച്ച് പാനലിലോ ഉണ്ടായ തകരാറാണ് കാരണമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിനായി മാത്രമുള്ള സബ്‌സ്റ്റേഷനിൽ ട്രിപ്പിംഗ് സംഭവിച്ചതിനെ തുടർന്നാണ് വൈദ്യുതി നിലച്ചത്. ആശുപത്രിയിലെ ഏതെങ്കിലും ഉപകരണത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന സംശയത്തിൽ ഓരോ സെക്ഷനിലെയും കറന്റ് ഓഫ് ചെയ്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
അത്താണി സബ്‌സ്റ്റേഷനിൽനിന്ന് പ്രത്യേക ഫീഡർ വഴിയാണ് ആശുപത്രിയിലേക്ക് വൈദ്യുതി എത്തുന്നത്. ക്യാമ്പസിനുള്ളിലെ ഇന്റേണൽ 11 കെ.വി സബ്‌സ്റ്റേഷൻ വരെയും കൃത്യമായി വൈദ്യുതി എത്തുന്നുണ്ടെന്ന് അത്താണി കെ.എസ്.ഇ.ബി അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.
താളംതെറ്റി ചികിത്സ
വൈദ്യുതി മുടങ്ങിയതോടെ ഓപ്പറേഷൻ തിയറ്ററുകളുടെ പ്രവർത്തനം നിലച്ചു. ന്യൂറോ, ഓർത്തോ, ഒഫ്താൽമോളജി, ഒ.എം.എസ്.എസ്, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. 230ലേറെ ചെറുശസ്ത്രക്രിയകൾ മാറ്റിവച്ചെങ്കിലും കാഷ്വൽറ്റിയിലെ അടിയന്തര ശസ്ത്രക്രിയാ തിയറ്റർ പ്രവർത്തിച്ചെന്ന് അധികൃതർ പറഞ്ഞു. കാത്ത് ലാബ്, ചില്ലർ പ്ലാന്റ്, ശീതീകരണ സംവിധാനം, കേൾവി പരിശോധനകൾ, വിവിധ ഒ.പി. വിഭാഗങ്ങൾ എന്നിവയും പൂർണമായി നിലച്ചു. വിവിധ വിഭാഗം മേധാവികളുമായി ചർച്ച ചെയ്താണ് മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ താത്കാലികമായി മാറ്റിവച്ചത്. ജീവൻരക്ഷാ ഉപകരണങ്ങളും അത്യാഹിത വിഭാഗങ്ങളും ജനറേറ്റർ സഹായത്തോടെ ഭാഗികമായി പ്രവർത്തിപ്പിച്ചു.
വലഞ്ഞത് രോഗികൾ
മാസങ്ങൾക്കുമുമ്പ് തീയതി നിശ്ചയിച്ച് ശസ്ത്രക്രിയയ്‌ക്കെത്തിയവരും മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്ത് എത്തിയവരും ഏറെ വലഞ്ഞു. തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നായി നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്.
ഒ.പിയും ലാബ് പരിശോധനകളും മുടങ്ങിയതോടെ അതിരാവിലെ ദൂരെദിക്കുകളിൽനിന്നെത്തിയ രോഗികൾക്ക് മടങ്ങേണ്ടിവന്നു.
നഗരവും 'പവർകട്ടിൽ'
തൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിലും ഇന്നലെ പകൽ വൈദ്യുതി മുടങ്ങി. ഇന്നലെ രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയാണ് വൈദ്യുതി നിലച്ചത്. കെ.എസ്.ഇ.ബി എൽ.എം.എസ് വിഭാഗം 110 കെ.വി. ട്രാൻസ്മിഷൻ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം മുടങ്ങിയത്.
വൈദ്യുതി മുടങ്ങുമെന്ന് മുൻകൂർ അറിയിച്ചാണ് അറ്റകുറ്റപ്പണി നടന്നതെങ്കിലും പകൽ സമയം ദീർഘനേരം വൈദ്യുതി നിലച്ചതോടെ നഗരത്തിലെ ഓഫീസുകളുടെയും ചെറുകിട ഷോപ്പുകളുടെയും പ്രവർത്തനം താളംതെറ്റി. സ്വരാജ് റൗണ്ട്, എം.ഒ. റോഡ്, ചെമ്പുക്കാവ്, ഡിസ്ട്രിക്ട് ഹോസ്പിറ്റൽ, കോട്ടപ്പുറം, ഷൊർണൂർ റോഡ്, ഈസ്റ്റ് ഫോർട്ട്, കൂർക്കഞ്ചേരി, വെളിയന്നൂർ, പറവട്ടാനി, മിഷൻ ക്വാർട്ടേഴ്സ് എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.
മെഴുകുതിരി കത്തിച്ച്പ്രതിഷേധം
തൃശൂർ: കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ വൈദ്യുതി മുടങ്ങിയതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി ബി.ജെ.പി. കൗൺസിലർമാർ മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധിച്ചത്. 'കേരള ജനതയെ ഇരുട്ടിലേക്ക് തള്ളിവിട്ട കേരള മുഖ്യമന്ത്രി രാജിവയ്ക്കുക' എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മെഴുകുതിരിയുമായി പ്രതിഷേധിക്കുന്നതിനിടെ തന്നെ വൈദ്യുതി മുടങ്ങിയതും പ്രതിഷേധത്തിന് ആക്കം കൂട്ടി. 'വേണ്ടത് പവർകട്ട് കേരളമല്ല, പവർ സംരക്ഷിക്കുന്ന കേരളമാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ വൈദ്യുതി ഉറപ്പാക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്' എന്ന് ബി.ജെ.പി. പാർലമെന്ററി നേതാവ് രഘുനാഥ് സി. മേനോൻ പൊതുചർച്ചയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |