
സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തുടക്കം
തൃശൂർ: നേതൃത്വത്തിനെതിരെയും പ്രവർത്തന രീതികൾക്കെതിരെയും രൂക്ഷ വിമർശനവുമായി സി.പി.എമ്മിന്റെ തൃശൂർ വിപുലീകൃത ജില്ലാ കമ്മിറ്റി. പാർട്ടിയിൽ നിന്നും വർഗ ബഹുജന സംഘടനകളിൽ നിന്നും യുവാക്കൾ അകലുകയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പല ബ്രാഞ്ച് കമ്മിറ്റികളും ലോക്കൽ കമ്മികളും ഇന്ന് നിർജീവാവസ്ഥയിലായെന്നും പ്രതിനിധികൾ പറഞ്ഞു. ഇന്നലെ ആരംഭിച്ച വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ റിപ്പോർട്ട് അവതരിപ്പിച്ചതിനു ശേഷം ഗ്രൂപ്പ് ചർച്ചകൾക്കു പിന്നാലെ നടന്ന പൊതുചർച്ചയിലാണ് വിമർശനം. ബ്രാഞ്ചുകളുടെ പ്രവർത്തന രീതി, ബ്രാഞ്ച് ലോക്കൽ ഘടകങ്ങളുടെ നിർജീവാവസ്ഥ, കീഴ്ഘടങ്ങളുടെ ചുമതലയേറ്റെടുക്കാനുള്ള വിമുഖത, തുടങ്ങിയവയെല്ലാം പ്രതിനിധികൾ വിമർശന വിധേയമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ തവണത്തേതിനേക്കാൾ പിന്നോക്കം പോയതിലും വോട്ട് വർദ്ധന ഉണ്ടാക്കാനാകാതെ പോയതിലുമെല്ലാം നേതൃത്വത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നു വിമർശിച്ച പ്രതിനിധികൾ ജില്ലാ-സംസ്ഥാന നേതാക്കളുടെ പ്രവർത്തന ശൈലിയിലും ഗുരുതര വീഴ്ചകളുണ്ടായെന്ന് ചൂണ്ടിക്കാട്ടി.
##ഇന്ന് സമാപനം
ഇന്നലെ രാവിലെ നളിനം ഓഡിറ്റോറിയത്തിൽ മുതിർന്ന അംഗം എം.കെ.കണ്ണൻ പതാക ഉയർത്തിയതോടെയാണ് രണ്ടുദിവസത്തെ സമ്മേളന നടപടികൾ ആരംഭിച്ചത്. പിന്നാലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം.എം.വർമ്മ താത്കാലിക അദ്ധ്യക്ഷനായ ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം വൈകിട്ട് 4.30ന് ആരംഭിച്ച പൊതുചർച്ച രാത്രി 7.30വരെ നീണ്ടു. യു.പി.ജോസഫ് (കൺവീനർ), കെ.കെ.രാമചന്ദ്രൻ, ഉഷ പ്രഭുകുമാർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, ടി.പി.രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്.സലീഖ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ.കെ.ജയചന്ദ്രൻ, പി.കെ.ബിജു, പി.എ. മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി.മൊയ്തീൻ, ആർ.ബിന്ദു എന്നിവർ പങ്കെടുക്കും. പൊതുചർച്ച ഇന്നും തുടരും. ഉച്ചയ്ക്ക് 2ന് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ചർച്ചകൾക്ക് മറുപടി നൽകും.
സി.പി.ഐക്ക് വിമർശനം
സി.പി.ഐയ്ക്കുള്ളിലെ തർക്കങ്ങൾ കൊടുങ്ങല്ലൂരിൽ തോൽവിക്കിടയാക്കി
തൃശൂരിൽ സ്ഥാനാർത്ഥി നിർണയം പാളി
ആളുകൾക്കിടയിലേക്ക് സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനായില്ല
തിരഞ്ഞെടുപ്പ് പരാജയം പാർട്ടി അംഗീകരിക്കുന്നു. തെറ്റുകൾ തിരുത്തി പാർട്ടിയും മുന്നണിയും ശക്തമായി തിരിച്ചുവരും.
-എം.വി.ഗോവിന്ദൻ
സി.പി.എം സംസ്ഥാനസെക്രട്ടറി
മതനിരപേക്ഷ വോട്ടർമാർ യു.ഡി.എഫിനെ കൈവിട്ടതിന്റെ പ്രതിഫലനമാണ് ഉപതിരഞ്ഞെടുപ്പ് ഫലം.വന്ദേമാതരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യു.ഡി.എഫ് വെള്ളം ചേർത്തു.കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ ഡിവിഷനിൽ ചരിത്രത്തിലാദ്യമായി നിരവധി ബൂത്തുകളിൽ എൽ.ഡി.എഫ് മുന്നേറി.
-പി.എ.മുഹമ്മദ് റിയാസ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |