SignIn
Kerala Kaumudi Online
Saturday, 03 October 2026 1.22 AM IST

അക്വാറ്റിക് കോംപ്ലക്സിൽ ഷെഡ് വീണ സംഭവം; മുന്നറിയിപ്പില്ലാതെ നീന്തൽ മാറ്റി, പ്രതിഷേധം, വാക്കേറ്റം

d

തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് നീന്തൽ മത്സരങ്ങൾ നടക്കുന്ന അക്വാറ്റിക് കോംപ്ലക്സിൽ നിർമ്മിച്ച താത്കാലിക ഷെഡ് വീണ് അഞ്ച് മത്സരാർത്ഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്നലെ നടത്താനിരുന്ന മത്സരങ്ങൾ മാറ്റിവച്ചു. മുന്നറിയിപ്പില്ലാതെ മത്സരങ്ങൾ മാറ്റിയതിനെത്തുടർന്ന് രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഘർഷ സമാന അന്തരീക്ഷമുണ്ടായത്.

ഭാവിയിലെ താരങ്ങളെ വാർത്തെടുക്കുന്ന ഗെയിംസ് സംഘാടനം പാളിയെന്ന് ആരോപിച്ച് ബി.ജെ.പി, എസ്.എഫ്.ഐ സംഘടനകൾ അക്വാറ്റിക് കോംപ്ലക്സിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പരിക്കേറ്റ കുട്ടികളും മത്സരാർത്ഥികളായതിനാൽ അവരെ കൂടി ഉൾപ്പെടുത്തേണ്ടതിനാലാണ് മത്സരം മാറ്റിയതെന്നാണ് വിശദീകരണം. രണ്ടാംദിനമായ വ്യാഴാഴ്ച നീന്തൽ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വൈകിട്ട് ഏഴരയോടെ കനത്ത മഴയിലും കാറ്റിലും ഗ്യാലറിക്ക് മുകളിലെ അലുമിനിയം ഷീറ്റുകൾ ഇളകി വീണ് അഞ്ച് പേർക്ക് പരിക്കേറ്റത്. മത്സരം മാറ്റിവയ്ക്കണമെന്ന അറിയിപ്പ് ഇന്നലെ രാവിലെയാണ് കിട്ടിയതെന്നും അതിനാലാണ് പെട്ടെന്ന് തീരുമാനിച്ചതെന്നുമാണ് സംഘാടകരുടെ വിശദീകരണം. മത്സരങ്ങൾ വൈകിയതിനെതിരെയും മത്സരാർത്ഥികൾ പരാതിപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കേണ്ടവ വൈകിട്ട് 7.30ഓടെ നടത്തേണ്ടി വന്നതാണ് അപകടത്തിൽ പരിക്കേൽക്കാൻ കാരണമായതെന്നാണ് ആരോപണം. വർഷങ്ങളോളം കഠിന പരിശീലനം നടത്തുന്ന കുട്ടികളുടെ ഭാവി സംഘാടകരുടെ അനാസ്ഥ മൂലം അപകടത്തിലായെന്ന് അക്വാറ്റിക് കോംപ്ലക്സിലെത്തിയ രക്ഷിതാക്കൾ പറഞ്ഞു. ദിനബത്തയായി 150 രൂപ മാത്രമാണ് നൽകുന്നതെന്നും മത്സരാർത്ഥികൾക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കുന്നതിൽ പോലും വീഴ്ചയുണ്ടായെന്നുമാണ് പരാതി.

സ്‌പോർട്‌സ് കൗൺസിലിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം: സി.സുമേഷ്

അക്വാറ്റിക് കോംപ്ലക്‌സിൽ നീന്തൽ മത്സരത്തിനിടെ പന്തൽ തകർന്നുവീണുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം ദൗർഭാഗ്യകരമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ്. വാടകയിളവ് നൽകി ഇൻഡോർ സ്റ്റേഡിയവും അക്വാറ്റിക് കോംപ്ലക്‌സും വിട്ടുനൽകുക മാത്രമാണ് ചെയ്തത്. മത്സരങ്ങൾ സംഘടിപ്പിച്ചതും താത്കാലിക പന്തൽ നിർമ്മിച്ചതും വിദ്യാഭ്യാസ വകുപ്പാണ്. അപകടത്തിന് ഒരു മണിക്കൂർ മുമ്പ് ഇടിമിന്നൽ കണ്ട പശ്ചാത്തലത്തിൽ മത്സരം നിറുത്തിവയ്ക്കാൻ അക്വാറ്റിക് കോംപ്ലക്‌സിലെ ജീവനക്കാരും പരിശീലകരും ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. സംഘാടക സമിതി പോലും രൂപീകരിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് മത്സരങ്ങൾ നടത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച മറച്ചുവയ്ക്കാനും സ്‌പോർട്‌സ് കൗൺസിലിനെ പ്രതിയാക്കാനുമാണ് ശ്രമം.1993ൽ നിർമ്മിച്ച ബേബി പൂളിന്റെ ഭാഗം അടർന്നുവീണ സംഭവം വാർത്തയാക്കി ശ്രദ്ധതിരിച്ചുവിടാൻ ശ്രമമുണ്ടെന്നും എസ്റ്റിമേറ്റ് തയ്യാറാക്കി സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് അയച്ചിട്ടുണ്ടെന്നും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിനെ പിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളുണ്ടെന്നും സുമേഷ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL