
വടക്കാഞ്ചേരി: കുതിരാൻ തുറന്നതോടെ മച്ചാട് വനമേഖലയിലേക്ക് കടന്നത് 17ആനകൾ. നിരീക്ഷണത്തിനായി സ്ഥാപിച്ച 30 ട്രാപ്പ് ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ പുതിയ കണക്ക് പ്രകാരം 8 ആനകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. മറ്റുള്ളവ മടങ്ങിയതായിട്ടാണ് വിലയിരുത്തൽ. പുതിയതായി എത്തിയ കൊമ്പനാണ് രണ്ടാഴ്ചയിലധികമായി അകമല ചേപ്പലക്കോടും ചേലക്കര പടിഞ്ഞാറ്റുമുറി, മാട്ടുങ്കൽ പ്രദേശത്തും നാശം വിതക്കുന്നത്. അകമല തേക്കിൻകാട്ടിലാണ് തമ്പടിക്കുന്നത്. ഇവിടെ സൗരവേലി ഇല്ലാത്തത് ആന വിഹാരത്തിന് കരുത്തേകുന്നു. സാമ്പത്തിക പരാധീനതയാണ് വനംവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. തേക്കിൻകാട് മേഖലയിലെ സംവിധാനങ്ങൾ വിനിയോഗിച്ച് സൗരവേലി സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാനും ആലോചനയുണ്ട്. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എക്ക് വനംവകുപ്പ് നിവേദനം നൽകും.
ഗൗനിക്കാതെ..
മച്ചാട് വനമേഖലയിൽ ആനയിറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്നതിന്റെ പൂർണ ഉത്തരവാദി അധികാരികളെന്നാരോപിച്ച് ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി രംഗത്ത്. കഴിഞ്ഞ അഞ്ചുവർഷം എല്ലാതലത്തിലും ഭരണം ഉണ്ടായിട്ടും എം.എൽ.എ ഒന്നും ചെയ്തില്ല. അകമലയടക്കം ഫോറസ്റ്റ് സ്റ്റേഷനുകൾ അടച്ചു പൂട്ടുന്നതിന് നേതൃത്വം നൽകി. അകമല, മാരാത്ത്കുന്ന്, വാഴാനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരമാവശ്യപ്പെട്ട് മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, ഡി.എഫ്.ഒ എന്നിവർക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരാതി നൽകി. വന്യമൃഗങ്ങളും മനുഷ്യരും പോരടിച്ച് ജീവിക്കേണ്ട സാഹചര്യം ഒഴിവാക്കണം. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് നടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |