
തൃശൂർ: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് കൊടി ഉയരുമ്പോൾ പ്രതീക്ഷയുടെ ട്രാക്കിലേറെ തൃശൂരിന്റെ കായിക പ്രതിഭകൾ. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 750ലേറെ പേരടങ്ങുന്ന സംഘം കായിക യശസ് ഉയർത്തിപ്പിടിക്കാൻ യാത്രയാകുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ കായിക മേളയിൽ ആതിഥേയർക്ക് പിറകെ ഓവറാൾ വിഭാഗത്തിൽ രണ്ടാം സ്ഥാനമായിരുന്നു തൃശൂരിന്. 892 പോയന്റായിരുന്നു ലഭിച്ചത്. അക്വാട്ടിക് വിഭാഗത്തിലും ജില്ലാ രണ്ടാമത് എത്തിയിരുന്നു. എന്നാൽ അത്ലറ്റിക് വിഭാഗങ്ങളിൽ വേണ്ടത്ര മികവ് പുലർത്താൻ സാധിച്ചില്ല. ഇത്തവണ ഇതുവരെ പൂർത്തിയായ ഗെയിംസ് മത്സരങ്ങളിൽ പല ഇനങ്ങളിലും വിജയം നേടാൻ സാധിച്ചിട്ടുണ്ട്.
പ്രതീക്ഷയേകി താരങ്ങൾ
ഇക്കുറി പ്രതീക്ഷ നൽകുന്ന നിരവധി താരങ്ങളുണ്ട്. ജില്ലാ കായിക മേളയിലെ താരങ്ങളായ ഫറ ഫത്മ, സി.ഋഷികേശ്, സുജിത്ത് പ്രമോദ്, ഇ.ആർ.വൈഗനന്ദ, ആദിത് സുധീർ, ഇ.ആർ.കാർത്തിക, വി.എം.അശ്വതി, സി.എസ്.അന്നമരിയ,ഐബിൻ പുലിക്കോട്ടിൽ സാബിൻ എന്നിവരിൽ പ്രതീക്ഷ ഏറെയാണ്. 3 ഇനങ്ങളിൽ സ്വർണം നേടിയ ഫറ ഫത്മ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലയിൽ വ്യക്തിഗത ചാംപ്യനായിരുന്നു. ഹൈജംപ്, 100,200 മീറ്റർ ഓട്ടം എന്നിവയിലാണ് സ്വർണം നേടിയത്. എൽ.ഐ.ജി.എച്ച്.എസ് ചൂണ്ടലിലെ വിദ്യാർത്ഥിനിയാണ്. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 3 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സി.ഋഷികേശ്, ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 3000 മീറ്റർ, 1500 മീറ്റർ, 800 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ സുജിത് പ്രമോദ്, 3000,1500,800 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ഇ.ആർ വൈഗനന്ദ,ഡിസ്കസ് ത്രോയിൽ സ്വർണവും ഹാമർത്രോയിലും ഷോട്ട്പുട്ടിലും വെള്ളിയും നേടിയ ആദിത് സുധീറും 3000,1500 മീറ്റർ ഓട്ടത്തിൽ സ്വർണവും 800 മീറ്ററിൽ വെങ്കലവും നേടിയ ആൽബിൻ പുലിക്കോട്ടിൽ എന്നിവരും പ്രതീക്ഷ നൽകുന്നു. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം നേടിയ വി.എം അശ്വതി, ഇ.ആർ കാർത്തിക, സി.എസ്.അന്നമരിയ എന്നിവരും സ്വർണ പ്രതീക്ഷയാണ്.
മത്സര ഷെഡ്യൂൾ തിരിച്ചടി
തുടർച്ചയായ മത്സരക്രമങ്ങൾ കായിക താരങ്ങൾക്ക് തിരിച്ചടിയാണെന്ന് താരങ്ങളും പരിശീലകരും പറയുന്നു. ഉപജില്ലാ കായിക മേള കഴിഞ്ഞ് വിശ്രമിക്കാൻ പോലും സമയം ലഭിക്കാത്ത വിധത്തിലായിരുന്നു റവന്യു ജില്ലാ കായിക മേളയുടെ മത്സര ഷെഡ്യൂൾ. ഇതിനിടയിൽ കൊല്ലത്ത് അമേച്വർ അത്ലറ്റിക് മീറ്റും സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങളും കൂടിയായതോടെ പല താരങ്ങളും തളർച്ചയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |