സുൽത്താൻ ബത്തേരി: മുത്തങ്ങ കാളങ്കണ്ടി ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ഭീതിസൃഷ്ടിച്ചു. വീടുകൾക്ക് സമീപമെത്തിയ കാട്ടാന ചുറ്റുമതിൽ തകർക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തു. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന മുത്തങ്ങ കാളങ്കണ്ടിയിലാണ് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കാട്ടാനയിറങ്ങിയത്. എടത്തറ ഭാഗത്ത് ഇറങ്ങിയ കാട്ടാന ദേശീയപാതയിലൂടെ എത്തി കാളങ്കണ്ടി റോഡിലേക്ക് കയറുകയായിരുന്നു.
കാളങ്കണ്ടി അഞ്ജുനിവാസിൽ ദാമോദരൻ മാസ്റ്ററുടെ കൃഷിയിടത്തിനും ചുറ്റും റോഡിനോട് ചേർന്ന് നിർമ്മിച്ച മതിൽ തകർക്കുകയും തെങ്ങിൻതൈയും പിഴുതെടുത്ത് നശിപ്പിക്കുയും ചെയ്തു. സമീപവാസിയായ ഗോപിനാഥന്റെ വാഴയും ഗോപീദാസന്റെ പുൽകൃഷിയും നശിപ്പിച്ചു. ശബ്ദം കേട്ടുണർന്ന നാട്ടുകാർ ബഹളം വെച്ചതോടെ കാട്ടാന വീടുകൾക്ക് സമീപമെത്തി നിലയുറപ്പിക്കുകയുമായിരുന്നു. ജനങ്ങൾ ഫോണിൽ ബന്ധപ്പെട്ട സമീപവാസികളോട് പുറത്തിറങ്ങരുതെന്ന് സന്ദേശം കൈമാറിയതിനാലാണ് വലിയ അപകടം സംഭവിക്കാതിരുന്നത്. വനംവകുപ്പ് ആർ.ആർ.ടി സംഘമെത്തിയാണ് ആനയെ തുരത്തിയത്. ലോകകപ്പ് ഫുട്‌ബോൾ സമയമായതിനാൽ ആളുകൾ കളികാണാൻ പോയി വരുന്ന സമയംകൂടിയാണ് കാട്ടാന ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്. അടുത്ത കാലത്തെങ്ങും പ്രദേശത്ത് കാട്ടാനയുടെ ശല്യം ഉണ്ടായിട്ടില്ലെന്നും ആന ഇറങ്ങിയ ഭാഗത്ത് പ്രതിരോധ സംവിധാനങ്ങൾ ശക്തിപെടുത്തി നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് ആവശ്യമുയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |