SignIn
Kerala Kaumudi Online
Sunday, 05 July 2026 6.17 AM IST

ഭൂദാനത്ത് വീണ്ടും ഒറ്റയാൻ പരാക്രമം

robert
കഴിഞ്ഞ ദിവസം ഭൂദാനത്ത് എത്തിയ കാട്ടു കൊമ്പൻ നാമാവിശേഷമാക്കിയ കാട്ടാങ്കോട്ടിൽ റോബർട്ടിന്റെ വാഴത്തോട്ടം

വ്യാപക കൃഷിനാശം, ജനജീവിതം ഭീതിയിൽ

വനംവകുപ്പിനെതിരെ രോഷം ശക്തമാകുന്നു

പുൽപ്പള്ളി: മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഭൂദാനം ഷെഡ് പ്രദേശത്ത് കാട്ടാനയുടെ പരമ്പരയാക്രമണം തുടരുന്നു. ഈ പ്രദേശത്തെ സ്ഥിരസാന്നിദ്ധ്യമായ ഒറ്റയാൻ കഴിഞ്ഞ ദിവസം രാത്രിയിലും കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായ നാശനഷ്ടമാണ് വരുത്തിവെച്ചത്. വിളവെടുക്കാറായ ലക്ഷക്കണക്കിന് രൂപയുടെ വാഴ, കമുക്, കാപ്പി എന്നിവയാണ് കാട്ടാന ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. പ്രദേശത്തെ കർഷകരായ റോബർട്ട് കാട്ടാങ്കോട്ടിൽ, ബേബി പൂവത്തിങ്കൽ, ബിനോയ് പൂവത്തിങ്കൽ, മനോജ് നടുക്കുടിയിൽ, ബാബു കുമരപള്ളി തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന പ്രധാനമായും നാശനഷ്ടം വരുത്തിയത്.


വനംവകുപ്പ് തിരിഞ്ഞ്

നോക്കുന്നില്ലെന്ന് പരാതി
കൃഷിയിടത്തിൽ കാട്ടാന ഇറങ്ങിയ വിവരം രാത്രിയിൽ തന്നെ കർഷകർ വിളിപ്പാടകലെയുള്ള വീട്ടിമൂല ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചിരുന്നെങ്കിലും, ആനയെ തുരത്താൻ വനപാലകരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വനംവകുപ്പിന്റെ ഈ ഉദാസീനതയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.


ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചില്ല
വന്യമൃഗശല്യം മൂലം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈ മേഖലയിലെ കർഷകർക്ക് ഇതിനകം സംഭവിച്ചിട്ടുള്ളത്. പ്രശ്നം ഇത്രയൂം രൂക്ഷമായിട്ടും ജനപ്രതിനിധികള് സ്ഥലം സന്ദർശിക്കാനോ, ദുരിതബാധിതരായ കർഷകരെ കണ്ട് ആശ്വാസനടപടികൾ സ്വീകരിക്കാനോ തയ്യാറാകുന്നില്ലെന്നും നാട്ടുകാർക്ക് കടുത്ത പരാതിയുണ്ട്. വനംവകുപ്പിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL