SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.30 PM IST

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; 46.97 ലക്ഷം രൂപ ഉടൻ ഈടാക്കാൻ ഉത്തരവ്

പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വിവാദമായ വായ്പത്തട്ടിപ്പിൽ വീണ്ടും സർചാർജ് ഉത്തരവ് പുറപ്പെടുവിച്ചു. വായ്പാ ക്രമക്കേടിലൂടെ ബാങ്കിന് നഷ്ടമുണ്ടാക്കിയ 46.97 ലക്ഷം രൂപ ബാങ്ക് ഭരണസമിതി അംഗങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും ഈടാക്കാനാണ് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ഉത്തരവിട്ടിരിക്കുന്നത്. സഹകരണ നിയമം 66 (1) പ്രകാരം നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ്, സഹകരണ നിയമം 68 (2) പ്രകാരമുള്ള സർചാർജ് നടപടി സ്വീകരിച്ചിരിക്കുന്നത്. ടി.ആർ. മനോജ് എന്ന വ്യക്തിക്ക് മതിയായ മൂല്യമില്ലാത്ത വസ്തുവിന്മേൽ നിയമവിരുദ്ധമായി 25 ലക്ഷം രൂപ വായ്പ അനുവദിച്ച്, ബാങ്കിന് മനഃപൂർവ്വം വലിയ സാമ്പത്തിക നഷ്ടം വരുത്തിവെച്ചതിനാണ് ഈ സർചാർജ് നടപടിക്രമങ്ങൾ വന്നിട്ടുള്ളത്. 2018ൽ അനുവദിച്ച ഈ വായ്പയിനത്തിൽ നാളിതുവരെയായി യാതൊരുവിധ തിരിച്ചടവും ബാങ്കിലേക്ക് വന്നിട്ടില്ല. വായ്പത്തുകയായ 25 ലക്ഷം രൂപയും, അതിന്റെ പലിശയിനത്തിലുള്ള 20 ലക്ഷം രൂപയും, പിഴപ്പലിശയായ 2.5 ലക്ഷം രൂപയും മറ്റ് ചെലവുകളും ഉൾപ്പെടെ ആകെ 46,97,143 രൂപയാണ് ഉത്തരവാദികളിൽ നിന്ന് ഈടാക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. ബാങ്കിന്റെ മുൻ സെക്രട്ടറി കെ.ടി. രമാദേവി, അന്നത്തെ ബാങ്ക് ഭരണസമിതി പ്രസിഡന്റ് കെ.കെ. അബ്രഹാം, മുൻ ഭരണസമിതി അംഗങ്ങളായ ടി.എസ്. കുര്യൻ, ബിന്ദു ചന്ദ്രൻ, വി.എം. പൗലോസ്, സുജാത ദിലീപ്, ജനാർദനൻ, സി.വി. വേലായുധൻ എന്നിവരിൽ നിന്ന് 5,87,143 രൂപ വീതം ഈടാക്കാനാണ് ഉത്തരവായിരിക്കുന്നത്. ഈ തുക നിശ്ചിത സമയത്തിനകം ബാങ്കിൽ അടച്ചുതീർത്തിട്ടില്ലെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള കർശന നടപടികളിലൂടെ തുക ഈടാക്കാനും നിർദ്ദേശമുണ്ട്.

മറ്റൊരു പരാതി: പുതിയ

ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി


പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട മറ്റൊരു പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തന്റെയും ഭാര്യയുടെയും പേരിൽ വ്യാജമായി 36 ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പറമ്പേക്കാട്ടിൽ ഡാനിയേലിന്റെ പരാതി അന്വേഷിക്കുന്നതിനാണ് പുതിയ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയത്. അന്വേഷണ കാലാവധി 2026 ജൂലൈ 31 വരെ ദീർഘിപ്പിച്ച് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഉത്തരവിറക്കി. ആദ്യം അന്വേഷണത്തിന് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥന് നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലകൾ ഉണ്ടായിരുന്നതിനാൽ അന്വേഷണം വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇദ്ദേഹം സ്ഥലംമാറിപ്പോയ സാഹചര്യത്തിലാണ് ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) പി.എസ്. സുനിതയെ പുതിയ അന്വേഷണ ഉദ്യോഗസ്ഥയായി നിയമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL