SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.51 PM IST

മഴ അകലുന്നു, മരങ്ങളും;  മുള്ളൻകൊല്ലി മരുഭൂമിയാകാൻ ഇനി അധികനാൾ വേണ്ട !

maram
മുള്ളൻകൊല്ലി പഞ്ചായത്തിൽ വെട്ടികൂട്ടിയിരിക്കുന്ന മരങ്ങൾ

മുള്ളൻകൊല്ലി: ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നതും വേനലിൽ കടുത്ത വരൾച്ച അനുഭവപ്പെടുന്നതുമായ മുള്ളൻകൊല്ലി പഞ്ചായത്ത് മറ്റൊരു വൻ പാരിസ്ഥിതിക ദുരന്തത്തിലേക്ക് നീങ്ങുന്നു. ക്വാറികളുടെ അതിപ്രസരം മൂലം ഭൂഗർഭ ജലനിരപ്പ് താഴ്ന്ന് വരൾച്ച രൂക്ഷമാകുന്നതിന് പിന്നാലെ, ഇപ്പോൾ കൃഷിയിടങ്ങളിലെ പച്ചപ്പും അപ്പാടെ തുടച്ചുനീക്കപ്പെടുകയാണ്.

വലുതും ചെറുതുമായ മരങ്ങൾ വ്യാപകമായി മുറിച്ച് വ്യാവസായിക ആവശ്യങ്ങൾക്കായി ജില്ല കടത്തുന്ന കാഴ്ചയാണിവിടെ. ഒരുകാലത്ത് വയനാടിന്റെ കറുത്ത പൊന്നായ കുരുമുളക് കൃഷിക്ക് താങ്ങുകാലായി ഉപയോഗപ്പെടുത്തിയിരുന്ന മരങ്ങളാണ് ഇപ്പോൾ വ്യാപകമായി വെട്ടിനശിപ്പിക്കുന്നത്. രോഗബാധയെത്തുടർന്ന് കുരുമുളക് കൃഷി പാടെ നശിച്ചതോടെയാണ് കർഷകർ ഈ മരങ്ങൾ മുറിച്ചുവിൽക്കാൻ നിർബന്ധിതരായത്. കൃഷിയിടങ്ങളിലെ മരങ്ങൾ കൂടി ഇല്ലാതാകുന്നതോടെ മുള്ളൻകൊല്ലിയിലെ ഉഷ്ണതരംഗവും വരൾച്ചയും വരും വർഷങ്ങളിൽ താങ്ങാനാവാത്ത വിധം രൂക്ഷമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നത്. അധികൃതർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വൻ ദുരന്തമാകും ഈ അതിർത്തി ഗ്രാമത്തെ കാത്തിരിക്കുന്നത്.

പ്രഖ്യാപനങ്ങളിൽ

ഒതുങ്ങി ' വയനാട് പക്കേജ് "

തകർന്നടിഞ്ഞ കുരുമുളക് കൃഷിയുടെ പുനരുജ്ജീവനത്തിന് സർക്കാർ തലത്തിൽ യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച 'വയനാട് പക്കേജ് ' വെറും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയത് കർഷകരുടെ പ്രതീക്ഷകൾക്ക് കരിനിഴലായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കർഷകർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മുന്നിൽ മറ്റ് വഴികളില്ലാതെ വന്നതോടെയാണ്, കിട്ടുന്ന തുച്ഛമായ വിലയ്ക്ക് തങ്ങളുടെ കൃഷിയിടത്തിലെ മരങ്ങൾ വിറ്റഴിക്കുന്നത്. ഇത് പ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിച്ചുകഴിഞ്ഞു.

'വയനാട് പക്കേജ് അടിയന്തിരമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. അതോടൊപ്പം കർഷകർക്ക് പലിശരഹിത വായ്പകൾ നൽകി കൃഷി പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതിന് തയ്യാറായില്ലെങ്കിൽ മുള്ളൻകൊല്ലി ഒരു മരുഭൂമിയായി മാറാൻ അധികകാലം വേണ്ടിവരില്ല. കർഷകരുടെ ജീവന്മരണ പ്രശ്നത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം.'

രാജൻ പാറയ്ക്കൽ കർഷകൻ,

പൊതുപ്രവർത്തകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL