കൽപ്പറ്റ: മുണ്ടേരി മണിയൻകോട് റോഡ് തകർന്ന് റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മുണ്ടേരി സ്‌കൂൾ ജംഗ്ഷൻ മുതൽ മണിയൻകോട് ക്ഷേത്രം വരെയുള്ള ഭാഗത്താണ് കൂടുതൽ കുഴികൾ ഉള്ളത്. ചെറുതും വലുതുമായ കുഴികൾ നിറഞ്ഞതോടെ ഗതാഗതം പ്രയാസകരമായിട്ടുണ്ട്. ടൗണിലെ തിരക്കൊഴിവാക്കി മാനന്തവാടി റോഡിലേക്ക് എത്തുന്നതിനായി നിരവധി പേർ ആശ്രയിക്കുന്ന റോഡുകൂടിയാണിത്. മഴയായതിനാൽ കുഴികളിൽ നിറയെ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ചില ഭാഗങ്ങളിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇരു ചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ കുഴികളിൽ വീഴുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഏഴ് വർഷം മുമ്പാണ് റോഡ് ടാറിംഗ് നടത്തിയത്. ടാറിംഗ് തകർന്ന് ഗതാഗതം പ്രയാസകരമായിട്ടും റോഡ് നന്നാക്കാൻ നടപടി ഉണ്ടായിട്ടില്ല. സ്‌കൂളിലേക്കുള്ള റോഡ് ആയതിനാൽ തന്നെ നിരവധി കുട്ടികളാണ് നടന്നുപോകുന്നത്. റോഡിലെ ചെളിവെള്ളം കുട്ടികളുടെ യൂണിഫോമിൽ ഉൾപ്പെടെ തെറിക്കുന്ന സാഹചര്യമാണ്.
നഗരത്തിരക്ക് ഒഴിവാക്കാൻ
കൂടുതൽ പേർ ആശ്രയിക്കുന്ന റോഡ്
നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡിന്റെ ഭാഗം കൂടിയാണിത്. നഗരത്തിരക്ക് ഒഴിവാക്കാനായി വെള്ളാരംകുന്ന് ചുണ്ടപ്പാടി റോഡ് വഴി പിണങ്ങോട് റോഡിൽ എത്തുകയും ഇവിടെനിന്നും വെയർഹൗസ് റോഡ് വഴി മുണ്ടേരിയിലെത്തുകയും പിന്നീട് മണിയൻകോട് വഴി പുളിയാർമലയിൽ എത്തുകയും ചെയ്യുന്നതാണ് ഔട്ടർ റിംഗ് റോഡ്. റോഡ് യാഥാർത്ഥ്യമാകുന്നതോടെ കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു അളവിൽ പരിഹാരമാകും. കൽപ്പറ്റ നഗരത്തിൽ പ്രവേശിക്കാതെ തന്നെ മാനന്തവാടി റോഡിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നതാണ് പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |