പുൽപ്പള്ളി: പുൽപ്പള്ളി-ചുണ്ടക്കൊല്ലി റോഡിൽ ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുന്നിൽ നട്ടിരിക്കുന്ന ഇല്ലിക്കൂട്ടം നാട്ടുകാർക്കും യാത്രക്കാർക്കും വലിയ സുരക്ഷാഭീഷണിയാകുന്നു. വനം വകുപ്പിന്റെ ഭൂമിയിൽ നട്ടുപിടിപ്പിച്ച ഇല്ലി വളർന്ന് റോഡിന് മറുകരയിലുള്ള സ്വകാര്യ തോട്ടം വരെ എത്തിനിൽക്കുകയാണ്. റോഡിലേക്ക് പൂർണ്ണമായും ചെരിഞ്ഞുനിൽക്കുന്ന ഇല്ലിക്കൂട്ടം കാരണം മഴ പെയ്യുമ്പോൾ ശക്തമായ റോഡിലേയ്ക്ക് വെള്ളം ചാടുകയാണ്. ഇത് റോഡ് തകരുന്നതിന് ഇടയാക്കുന്നുണ്ട്. കൂടാതെ റോഡിന് സമീപത്തുകൂടി കടന്നുപോകുന്ന കെ.എസ്.ഇ.ബി ലൈനിലേക്ക് ഇല്ലിക്കൊമ്പുകൾ പടർന്നു കയറുന്നത് വൈദ്യുതി ജീവനക്കാർക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയുയർത്തുന്നു. ഫലത്തിൽ ലൈൻ കമ്പികളിൽ കൊമ്പുകൾ തട്ടി വൻ അപകടസാധ്യതയാണുള്ളത്.
കളക്ടറുടെ ഉത്തരവിനും പുല്ലുവില
ഒരു വർഷം മുൻപ് ഗ്രാമപഞ്ചായത്തിന്റെ അപേക്ഷ പ്രകാരം പുൽപ്പള്ളി-ചുണ്ടക്കൊല്ലി റോഡിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മറ്റും യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിമാറ്റാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത വസ്തുക്കളിലെ അപകടകരമായ മരങ്ങളെല്ലാം വെട്ടിമാറ്റിയെങ്കിലും സ്വന്തം ഓഫീസിന് മുന്നിലെ ഈ വലിയ ഇല്ലിക്കൂട്ടം മാറ്റാൻ വനംവകുപ്പ് തയ്യാറായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പ്രത്യക്ഷ സമരത്തിനൊരുങ്ങി നാട്ടുകാർ
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന ഈ ഇല്ലിക്കൂട്ടം അടിയന്തരമായി വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് പുരുഷ സ്വാശ്രയ സംഘം രംഗത്തെത്തിയിട്ടുണ്ട്. ഭീഷണി ഉയർത്തുന്ന ഇല്ലിക്കൂട്ടം മാറ്റാൻ വനം വകുപ്പ് അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഫ്രണ്ട്സ് പുരുഷ സ്വാശ്രയ സംഘം പ്രസിഡന്റ് സജിമോൻ മുണ്ടയ്ക്കൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |