SignIn
Kerala Kaumudi Online
Friday, 07 August 2026 8.38 AM IST

മഴ കുറവ്;  തിരുനെല്ലിയിൽ നെൽക്കൃഷി പ്രതിസന്ധിയിൽ

asho
എ.ടി. അശോകൻ അപ്പപ്പാറ ആക്കൊല്ലിയിലെ കർഷകൻ

മാനന്തവാടി: പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാൽ തിരുനെല്ലിയിൽ നെൽക്കൃഷിക്ക് പ്രതിസന്ധി. വന്യമൃഗശല്യത്തെ അതിജീവിച്ചും നെൽക്കൃഷിയിറക്കുന്ന കർഷകർക്കാണ് ഇത്തവണ നഞ്ചക്കൃഷിയിറക്കാൻ സാധിക്കാഞ്ഞത്. നല്ല മഴ കിട്ടിയാൽ മേയ് അവസാനത്തോടെ ഒരുക്കങ്ങൾ തുടങ്ങി ഡിസംബറാവുമ്പോഴേക്കും കൊയ്‌തെടുക്കുന്നതാണ് നഞ്ചക്കൃഷിയുടെ രീതി. ഓണത്തിനു മുമ്പേ നാട്ടിപ്പണിയെല്ലാം പൂർത്തിയാവും. കഴിഞ്ഞ വർഷം കൊയ്യാനായ സമയത്ത് മഴ പെയ്തതിനാൽ വയലിൽനിന്നുതന്നെ നെല്ല് മുളച്ചു നശിച്ചതായിരുന്നു കർഷകരുടെ അവസ്ഥയെങ്കിൽ ഇത്തവണ മഴ കുറഞ്ഞതുകൊണ്ട് വെള്ളം ലഭിക്കാത്തതിനാൽ കൃഷിയിറക്കാൻ സാധിക്കാത്തതാണ് പ്രശ്നം. നെൽക്കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ പുഞ്ചക്കൃഷി തിരുനെല്ലിയിൽ അധികമാരും ചെയ്യാറില്ല. മഴ ശക്തമായാൽ ബ്രഹ്മഗിരി മലനിരകളിൽ നിന്നുറവപൊട്ടിയെത്തുന്ന തോടുകളെ ആശ്രയിച്ചാണ് തിരുനെല്ലിയിൽ നഞ്ചക്കൃഷി. തിരുനെല്ലിയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്‌തെങ്കിലും വയലുകളിൽ വെള്ളമെത്തിയിരുന്നില്ല.

'ഇപ്പോ നാട്ടിപ്പണിയെടുക്കേണ്ട സമയാണ്, വയൽ ഒരുക്കുക പോലും ചെയ്തിട്ടില്ല, കുടുംബത്തിന്റേതായി

35 ഏക്കറോളം വരുന്ന പാടശേഖരം അപ്പപ്പാറ ആക്കൊല്ലിയിലുണ്ട്. എന്നിക്കുമാത്രമായി

ഒൻപതേക്കറോളം വയലുണ്ട്. വെള്ളമില്ലാത്തതിനാൽ കൃഷി ചെയ്യാനാകുന്നില്ല "

എ.ടി. അശോകൻ

അപ്പപ്പാറ ആക്കൊല്ലിയിലെ കർഷകൻ

വിത്തെല്ലാം നശിച്ചു
തൊണ്ടി, ഗന്ധകശാല, കയമ തുടങ്ങിയ വിത്തുകളുപയോഗിച്ചാണ് നെൽക്കൃഷി ചെയ്യാറുള്ളത്. മേയ് അവസാനം വിത്തു മുളപ്പിച്ച ശേഷം പിന്നെ അവ വിതക്കുന്നതാണ് രീതി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ നാട്ടിപ്പണിയുടെ തിരക്കായിരിക്കും. എന്നാൽ ഇത്തവണ ഓഗസ്റ്റ് മാസം തുടങ്ങാനിയിട്ടും ആക്കൊല്ലി പാടശേഖരത്തിൽ വയൽ പോലും ഒരുക്കിയിട്ടില്ല. മേയ് മാസത്തിൽ കൃഷിക്കു മുന്നോടിയായി വിത്തുകൾ മുളപ്പിച്ചിരുന്നെങ്കിലും വെള്ളമില്ലാത്തതിനാൽ വയലൊരുക്കാൻ സാധിച്ചിട്ടില്ല. അതിനാൽതന്നെ മുളപ്പിച്ചെടുത്ത വിത്തുകളെല്ലാം നശിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി മഴ പെയ്യുന്നതിനാൽ വയലൊരുക്കി നെൽക്കൃഷിയിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

ജലസേചന സൗകര്യമുണ്ടെങ്കിൽ

രണ്ട് വിള കൃഷി ചെയ്യാനും തയ്യാർ

ജലസേചന സൗകര്യമുണ്ടെങ്കിൽ രണ്ട് വിള കൃഷി ചെയ്യാനും താത്പര്യമുള്ളവരാണ് തിരുനെല്ലിയിലെ കർഷകർ. ആക്കൊല്ലി ഉൾപ്പെടെയുള്ള വയലിൽ കാട്ടാന, കാട്ടുപന്നിയുൾപ്പെടെയുള്ളവയുടെ ശല്യവും രൂക്ഷമാണ്. വയലിൽ ഏറുമാടം കെട്ടി രാത്രി ഉറക്കമൊഴിഞ്ഞ് നെൽക്കൃഷി പരിപാലിക്കുന്നതാണ് കർഷകരുടെ രീതി. സമീപത്തുള്ള പുഴയിൽ നിന്നോ മറ്റോ വെള്ളം പമ്പു ചെയ്ത് നെൽവയലുകളിലെത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചാൽ നെൽക്കൃഷിക്ക് പ്രോത്സാഹനമാകും. ഇതിനൊന്നും ആരും തയ്യാറാവുന്നില്ലെന്നതാണ് കർഷകരുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL