മേപ്പാടി: ആവശ്യമായ സുരക്ഷ ഒരുക്കി കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി പുനരാരംഭിക്കണമെന്ന് ജനപ്രതിനിധി സംഘം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിൽ ആനക്കാംപൊയിലിലെ തുരങ്കപാത പദ്ധതി പ്രദേശം സന്ദർശിച്ചു. വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കി തുരങ്കപാത പദ്ധതി പുനരാരംഭിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. തുരങ്ക പദ്ധതിയുടെ ആനക്കാംപൊയിൽ ഭാഗത്തെ പദ്ധതി പ്രദേശമാണ് സംഘം സന്ദർശിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. ശിഹാബ്, ബി. സരേഷ് ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നിർമ്മാണ കമ്പനി അധികൃതർ ജനപ്രതിനിധികളെ അനുഗമിച്ചു. 120 മീറ്റർ നിർമ്മാണം പൂർത്തിയായ ഒന്നാം തുരങ്കവും. 20 മീറ്റർ നിർമ്മാണം നടത്തിയ രണ്ടാം തുരങ്കവും ജനപ്രതിനിധികൾ സന്ദർശിച്ചു. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. സ്വപ്ന പദ്ധതിയായ തുരങ്കപാത ആവശ്യമായ സുരക്ഷ ഒരുക്കി നിർമ്മാണം പൂർത്തീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
താമരശ്ശേരി ചുരത്തിന്റെ ബദൽ പാത എന്ന നിലയിൽ ആവിഷ്‌കരിച്ച പദ്ധതി ഉപേക്ഷിക്കുന്നത് നാടിന് ഗുണകരമാകില്ല. സുരക്ഷ പ്രധാനമാണ്. ആനക്കാംപൊയിൽ ഭാഗത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് തുരങ്ക നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. തുരങ്കത്തിലേക്ക് വെളിച്ചവും വായുവും എത്തുന്നതിനുള്ള സംവിധാനം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. കള്ളാടി മണ്ണിടിച്ചിൽ ദുരന്തം വിദഗ്ധസമിതി പരിശോധിക്കുന്നുണ്ട്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപാകതകൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. നിലവിൽ ചുരം ബദൽ പാതകളെല്ലാം തടസ്സപ്പെട്ടു കിടക്കുകയാണ്. താമരശ്ശേരി ചുരം തീരെ സുരക്ഷിതമല്ലാത്ത സാഹചര്യം ഉണ്ട്. ഏതുസമയവും മണ്ണിടിച്ചിൽ സാധ്യത ഉൾപ്പെടെ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തുരങ്കപാത പദ്ധതി
സുരക്ഷിതമായി നിർമ്മാണം പൂർത്തിയാക്കാൻ തയ്യാറാകണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |