സുൽത്താൻ ബത്തേരി: അറ്റകുറ്റപണികൾ നടക്കാത്തതിനാൽ പൊട്ടിപൊളിഞ്ഞ് കിടന്ന ഓടപ്പളം മൂലങ്കാവ് ലിങ്ക് റോഡ് മഴ കനത്തതോടെ പൂർണ്ണമായി തകർന്നു. തീർത്തും ഗതാഗതയോഗ്യമല്ലാതായി തീർന്നിരിക്കുകയാണ് റോഡ്. 500 മീറ്റർ വരുന്ന റോഡിൽ വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ചെറുവാഹനങ്ങൾക്കൊന്നും ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ്. വലിയ വാഹനങ്ങൾ തന്നെ ഇതുവഴി പോകുമ്പോൾ വണ്ടിയുടെ അടിഭാഗം തട്ടി വണ്ടിയ്ക്ക് കേട്പാട് സംഭവിക്കുന്നു. വർഷങ്ങളായി റോഡിന്റെ അറ്റകുറ്റപണികൾ നടന്നിട്ട്. നന്നാക്കുന്നതിന് വേണ്ട ഒരു നടപടിയും ബന്ധപ്പെട്ട അധികൃതർ ഇതുവരെ സ്വീകരിച്ചില്ല. കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാതായതോടെ മൂലങ്കാവിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ബിൽഡിംഗ് വേയ്സ്റ്റ് കൊണ്ടുവന്നിട്ട് കുഴി നികത്തുകയുണ്ടായി. എന്നാൽ മഴ പെയ്തതോടെ കുഴിയിലിട്ട മണ്ണും കല്ലും ഒളിച്ചുപോയി. വെള്ളം കെട്ടിനിൽക്കുന്ന വൻ ഗർത്തങ്ങളായി മാറിയിരിക്കുകയാണ്. മൂലങ്കാവ് ടൗണിൽ നിന്നാണ് ലിങ്ക് റോഡ് പോകുന്നതെന്നതിനാൽ ടൗണിലെത്തുന്ന ആളുകളെല്ലാം ഓടാപ്പളം റോഡിലേയ്ക്ക് കടക്കാൻ ആശ്രയിക്കുന്നത് ഈ ലിങ്ക് റോഡിനെയാണ്. റോഡ് തകർന്നതോടെ ഓട്ടോയടക്കമുള്ള വാഹനങ്ങൾക്ക് ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടായി തീർന്നു. ലിങ്ക് റോഡ് തകർന്നതോടെ ചെറുവാഹനങ്ങളെല്ലാം താഴെ കവലവഴി ചുറ്റിതിരിഞ്ഞാണ് മൂലങ്കാവ് ടൗണിൽനിന്ന് ഓടപ്പള്ളം റോഡിലേയ്ക്ക് പോകുന്നത്. കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പമ്പിംഗും ഡിസ്ട്രിബ്യുഷൻ പൈപ്പുകളും ഈ റോഡിൽകൂടിയാണ് പോകുന്നത്. വടച്ചിറയിലുള്ള വെള്ള ടാങ്കിലേയ്ക്ക് വെള്ളം പോകുന്ന വലിയ പൈപ്പുകളും ഇട്ടിരിക്കുന്നത് ഈ റോഡ് കടന്നുപോകുന്ന വഴിയാണ്. പൈപ്പ് ലൈനിന്റെ അറ്റകുറ്റപണികൾക്കായി റോഡ് കുത്തിപൊളിക്കുന്നതും റോഡ് തകരാൻ ഇടയാക്കുന്നു.
അറ്റകുറ്റപണികൾ നടത്താത്തതിനാൽ പ്രദേശത്തെ ജനങ്ങളും സെന്റ് ജൂഡ് അയൽകൂട്ടം പ്രവർത്തകരും ചേർന്ന് റോഡിന്റെ നിർമ്മാണ പ്രവർത്തി ഇതിന് മുമ്പ് നടത്തുകയുണ്ടായി. മഴ ശക്തമാവുകയും റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ റോഡ് നന്നാക്കി ഗതാഗത യോഗ്യമാക്കാൻ അധികൃതർ അടിയന്തിര നടപടിസ്വീകരിക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |