കൽപ്പറ്റ: ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ ബസ് ബേയിൽ നിന്ന് ബസ് എടുക്കവെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബസ് ഡിവൈഡർ മറികടന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കവെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നടന്ന അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഡിവൈഡർ സ്ഥാപിച്ച ഭാഗത്ത് അപകടം പതിവാണ്. ബസ് ബേയിലേക്ക് യാത്രക്കാരെ കയറ്റാനായി ഒന്നിന് പുറകെ ഒന്നായി ബസുകൾ എത്തും. മിനിറ്റുകളും സെക്കന്റുകളും കണക്കാക്കി സർവീസ് നടത്തുന്ന ബസുകൾ പലപ്പോഴും നിയമങ്ങൾ പോലും കാറ്റിൽ പറത്തിയാണ് സർവീസ് നടത്തുന്നത്. ഇത്തരത്തിൽ സ്വകാര്യ ബസ് ദേശീയപാതയിലേക്ക് വേഗത്തിൽ പ്രവേശിക്കവെ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിക്കുന്നതിന് കാരണമായത്. ബസുകൾ ദേശീയപാതയിലേക്ക് കയറ്റിനിർത്താതിരിക്കാൻ ഇവിടെ ട്രാഫിക് പൊലീസ് ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ട്. ഡിവൈഡറിനുള്ളിലൂടെ മാത്രമാണ് ബസുകൾക്ക് മുന്നോട്ട് എടുക്കാൻ അനുമതിയുള്ളൂ. എന്നാൽ പലപ്പോഴും തിടുക്കം കാട്ടി ഡിവൈഡർ മറികടന്ന് ബസുകൾ ദേശീയപാതയിലേക്ക് എത്തുകയാണ്. ഇങ്ങനെ എത്തുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ഇത്തരത്തിൽ നിയമം ലംഘിച്ച് ഓടുന്നുണ്ട്. ക്യാമറകൾ സ്ഥാപിച്ച് ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ വലിയ അപകടത്തിന് കാരണമായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |