SignIn
Kerala Kaumudi Online
Friday, 07 August 2026 8.39 AM IST

കൊളഗപ്പാറയിൽ ക്വാറിക്കായി റോഡ് നിർമ്മാണം; നാട്ടുകാർ തടഞ്ഞു

11
കരിങ്കൽ ക്വാറി പ്രവർത്തനത്തിനായുള്ള റോഡ് നിർമ്മാണം

അമ്പലവയൽ: ചരിത്രപ്രസിദ്ധവും തീർഥാടക പ്രാധാന്യമുള്ളതുമായ കൊളഗപ്പാറ മലയുടെ മുകളിൽ ക്വാറി പ്രവർത്തനത്തിനായുള്ള റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു. സർക്കാർ റവന്യൂ ഭൂമി കൈയേറിയാണ് റോഡ് നിർമ്മിച്ചതെന്നാണ് പരാതി. കൃഷ്ണഗിരി വില്ലേജ് ഓഫീസറുടെ നിർദേശത്തെ തുടർന്ന് നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും സ്ഥലത്തെ യന്ത്രങ്ങൾ നീക്കിയിട്ടില്ല. ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള റോഡിന്റെ ഭൂരിഭാഗവും റവന്യൂ ഭൂമിയിലൂടെയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മലഞ്ചരിവിൽ പാറ പൊട്ടിച്ച് റോഡ് നിർമ്മിച്ചതായും ക്വാറി പ്രവർത്തനത്തിന് ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്നും ആക്ഷേപമുണ്ട്. ദുഃഖവെള്ളിയാഴ്ച ആയിരക്കണക്കിന് തീർഥാടകർ കുരിശുമലയിലേക്ക് കയറാൻ ഉപയോഗിക്കുന്ന വഴിയാണ് റോഡാക്കി മാറ്റുന്നതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. റോഡ് നിർമ്മാണം പൂർണമായും നിർത്തിവയ്ക്കുക, സർക്കാർ ഭൂമി കൈയേറിയവർക്കും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കുക, അനധികൃത പട്ടയങ്ങൾ റദ്ദാക്കുക, കൊളഗപ്പാറയെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റവന്യൂ മന്ത്രിക്കും സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും സമിതി നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL