പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് അതിർത്തിയിലെ വനയോര ഗ്രാമങ്ങളിൽ സ്ഥിരം ശല്യക്കാരായ കാട്ടാനകളെ ഇരു സംസ്ഥാനങ്ങളിലെയും വനപാലകർ ചേർന്ന് ഉൾവനത്തിലേക്ക് തുരത്തി. വണ്ടിക്കടവ് മുതൽ കൊളവള്ളി വരെയുള്ള അതിർത്തി മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ രാത്രി പരിശോധനയിലാണ് ആനകളെ കണ്ടെത്തിയത്. ചാമപ്പാറയിൽ കേന്ദ്രീകരിച്ച് രാത്രി ഒമ്പതോടെ ആരംഭിച്ച ഓപ്പറേഷൻ അർദ്ധരാത്രി വരെ നീണ്ടു. ഒറ്റയാനായ 'വാലുമുറിയനെ'യും ഐശ്വര്യക്കവലയ്ക്ക് സമീപം കണ്ടെത്തിയ പത്തോളം വരുന്ന ആനക്കൂട്ടത്തെയുമാണ് പടക്കം പൊട്ടിച്ചും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചും ഓടിച്ചുവിട്ടത്. ഉൾവനത്തിലേക്ക് തുരത്തിയ ആനകൾ തിരികെ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കാവൽ ശക്തമാക്കുമെന്ന് വനപാലകർ അറിയിച്ചു. ഗുണ്ടറ റേഞ്ച് വനപാലകരും ചെതലയം റേഞ്ച് ഓഫീസർ എം.കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ദൗത്യം ഏകോപിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനപാലകർക്ക് പിന്തുണയുമായി സ്ഥലത്തുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |