പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.
തിരുനെല്ലി: കർക്കിടക വാവിന് തിരുനെല്ലി പാപനാശിനിയിലെ ബലിതർപ്പണത്തിന് സ്പെഷ്യൽ ബസ് സർവീസ് അയക്കാതെ കെ.എസ്.ആർ.ടി.സി മുഖം തിരിഞ്ഞ് നിന്നു. ഇതോടെ സ്ത്രീകൾ ഉൾപ്പെടെ ഭക്തജനങ്ങൾ പെരുവഴിയിൽ. കർമ്മം ചെയ്തവരും കർമ്മം ചെയ്യാനായി വീട്ടിൽ നിന്ന് പുറപ്പെട്ടവരും ബസില്ലാതെ പെരുവഴിയിൽ മണിക്കൂറുകൾ കാത്ത് നിന്നു. സബ് കളക്ടർ അതുൽസാഗറിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മേധാവികളെ ഉൾപ്പെടുത്തി യോഗം നടന്നിരുന്നു. വർഷങ്ങളായി തിരുനെല്ലിയിലേക്ക് സപെഷ്യൽ ബസ് സർവീസ് കെ.എസ്.ആർ.ടി.സി നടത്തറുണ്ട്. സ്പെഷ്യൽ സർവീസിന് 30 ശതമാനം ചാർജ്ജ് വർദ്ധനവാണ് കോർപ്പറേഷൻ ഈടാക്കാറ്. ഇവിടെ അത് പാടില്ലെന്ന് ദേവസ്വം നിർദ്ദേശം വച്ചിരുന്നു. എന്നാൽ ഇന്നലെ വാവ് ദിനത്തിൽ കെ.എസ്. ആർ.ടി.സി എട്ടിന്റെ പണി തന്നെ കൊടുത്തു. മാനന്തവാടിയിൽ പുലർച്ചെ മൂന്ന് മണി മുതൽ ഭക്തജനങ്ങൾ ബസിനായി കാത്ത് നിന്നു. പേരിന് കുറച്ച് സർവീസുകൾ മാത്രമാണ് അയക്കാൻ തയ്യാറായത്. പലരും ടാക്സി വിളിച്ചാണ് ചടങ്ങിന് പോയത്. ബസില്ലാതെ ജനം ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ
ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.ആർ ജിതിന്റെ നേതൃത്വത്തിൽ ഉപരോധ സമരവുമായി രംഗത്തെത്തി. ഇതോടെയാണ് കുറച്ച് ബസുകൾ അയക്കാൻ അധികൃതർ തയ്യാറായി. അഞ്ച് ഫാസ്റ്റ് സർവീസുകൾ ഉൾപ്പെടെ ഒമ്പത് ബസുകളാണ് ഇന്നലെ തിരുനെല്ലിക്ക് കെ.എസ്. ആർ.ടി.സി അയച്ചത്. ഏതാണ്ട് നാൽപ്പത് ട്രിപ്പുകൾ നടത്തി. പിതൃതർപ്പണത്തിനെത്തി തിരിച്ച് പോകാൻ കഴിയാതെ തിരുനെല്ലിയിൽ കുടുങ്ങിയ വിശ്വാസികളെ ദേവസ്വത്തിന്റെ ചിലവിൽ നാല് വാഹനങ്ങളിലായി കാട്ടിക്കുളത്ത് എത്തിച്ചു. സാധാരണ ദിവസങ്ങളിൽ നാല് സർവീസുകളാണ് കെ.എസ്. ആർ.ടി.സി തിരുനെല്ലിയിലേക്ക് നടത്താറ്. കർക്കിടക വാവിന് ഭക്ത ജനങ്ങളെ ബുദ്ധിമുട്ടിച്ച കോർപ്പറേഷന്റെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നു. സബ് കളക്ടർക്ക് പരാതിയും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |