SignIn
Kerala Kaumudi Online
Wednesday, 26 August 2026 11.22 PM IST

ട്രെൻഡായി മലയാളികളുടെ മുന്തിരിപാടം; ഗുണ്ടൽപേട്ടയിലേയ്ക്ക് സ‍ഞ്ചാരികളുടെ ഒഴുക്ക് 

padam
ഗുണ്ടൽപേട്ടയിലെ മുന്തിരിപാടം കാണാനെത്തിയ ബത്തേരി സ്വദേശി ഷക്കീലയും കുടുംബവും

ഗുണ്ടൽപേട്ട: ഓണക്കാലത്ത് മലയാളികൾ ഗുണ്ടൽപേട്ടയിലേക്ക് എത്തിയിരുന്നത് ചെണ്ടുമല്ലിയോടൊപ്പം സെൽഫി എടുക്കാൻ ആയിരുന്നു. എന്നാൽ ഇത്തവണ ചെണ്ടുമല്ലിയെക്കാൾ ട്രെൻഡ് ആയിരിക്കുന്നത് മുന്തിരി പാടമാണ്. മലപ്പുറം നിലമ്പൂർ സ്വദേശികൾ കൃഷി ചെയ്യുന്ന മുന്തിരി തോട്ടമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ തരംഗം. മുന്തിരി പാടത്തിലെ സെൽഫികൾ കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. വിളഞ്ഞുനിൽക്കുന്ന മുന്തിരിപ്പാടം കാണാൻ ആയിരങ്ങളാണ് അതിർത്തിക്കടക്കുന്നത്. ഒരു മാസത്തിനിടെ 5 ലക്ഷത്തോളം പേരാണ് മുന്തിരിപ്പാടം കാണാനെത്തിയത്. സന്ദർശകരിൽ ഏറെയും മലയാളികളാണ്. പലയിനം പച്ചക്കറികളും പൂക്കളും വിളയുന്ന ഗുണ്ടൽപേട്ടിലെ മണ്ണിൽ മുന്തിരിവിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികൾ. വിളവെടുത്താൽ കിട്ടുന്നതിന്റൈ പലയിരട്ടി പണമാണ് സന്ദർശകരുടെ വരവിലൂടെ ഇവർ നേടിയത്. സമൂഹമാദ്ധ്യമങ്ങളിൽ ആരോ പങ്കുവെച്ച വീഡിയോ വൈറൽ ആയതോടെയാണ് മലയാളികൾ മുന്തിരി തോട്ടം കാണാനായി ഗുണ്ടൽപേട്ടയിലേക്ക് എത്തിത്തുടങ്ങിയത്. ശനിയും ഞായറും സന്ദർശകരുടെ തിക്കും തിരക്കുമാണ്. കർക്കടക വാവിന്റെ അവധിയായതിനാൽ ഇന്നലെ റെക്കോർഡ് തിരക്കാണ് അനുഭവപ്പെട്ടത്. കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സർവീസ് പ്രയോജനപ്പെടുത്തി സ്ത്രീസംഘങ്ങളും ഗുണ്ടൽപേട്ടിലേക്ക് വണ്ടികയറുന്നു. യാത്രക്കാരുടെ ബാഹുല്യം കാരണം കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിക്കാനും ഒരുങ്ങുന്നുണ്ട്.

ചിത്രങ്ങളെടുക്കാം ഭംഗിയാസ്വദിക്കാം

ബത്തേരി ഗുണ്ടൽപേട്ട് പാതയിൽ ടോൾപ്ലാസ കഴിഞ്ഞാലുടൻ ഇടതുവശത്താണ് മുന്തിരിപ്പാടമുള്ളത്. ഒരേക്കറോളം സ്ഥലത്താണ് മുന്തിരി വിളഞ്ഞുനിൽക്കുന്നത്. മുതിർന്നവർക്ക് 25 രൂപയാണ് പ്രവേശനഫീസ്. കുടുംബസമേതമെത്തുന്ന സന്ദർശകർ ചിത്രങ്ങളെടുത്തും ഭംഗിയാസ്വദിച്ചും സമയം ചിലവഴിക്കുന്നു. മുന്തിരിപറിക്കുന്നത് വിലക്കാൻ കനത്ത കാവലുണ്ട്. മലയാളത്തിൽ അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്.

വിളവെടുക്കാൻ പാകമായിക്കൊണ്ടിരിക്കുന്ന മുന്തിരി പറിക്കാൻ അനുവാദമില്ല. ഓണംവരെ മുന്തിരിക്കുലകൾ നിലനിർത്താനാണ് ഉടമകളുടെ തീരുമാനം. നാലുവർഷംമുമ്പ് നട്ട മുന്തിരിവള്ളികൾ ഇത്രനന്നായി വിളവുതരുന്നത് ഈവർഷമാണ്. കഴിഞ്ഞവർഷം ഒക്കെ ചുരുക്കം ചില കുലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൃഷി ഒഴിവാക്കേണ്ടി വരുമെന്ന് കരുതിയപ്പോഴാണ് ഇത്തവണ കാലാവസ്ഥ അനുകൂലമായത്. മിതമായ ചൂടും വരണ്ടതുമായ കാലാവസ്ഥയിലാണ് മുന്തിരി നല്ല വിളവുനൽകുക.

മുന്തിരിപ്പാടത്തെ ചുറ്റിപ്പറ്റി

കച്ചവടസ്ഥാപനങ്ങളും വർദ്ധിക്കുന്നു

ഗുണ്ടൽപേട്ടിലെ മുന്തിരിപ്പാടത്തെ ചുറ്റിപ്പറ്റി ഒരു പുതിയ ടൂറിസം സ്‌പോട്ടുതന്നെ ഉണ്ടായിരിക്കുകയാണ്. മലയാളികൾ മത്സരിച്ചെത്തുന്ന പാടത്ത് കച്ചവടസ്ഥാപനങ്ങളും ലഘുഭക്ഷണശാലയുമൊക്കെ തയ്യാറായിട്ടുണ്ട്. മുളയരിപ്പായസം, വിവിധയിനം പഴങ്ങൾ, ശീതളപാനീയങ്ങൾ എല്ലാം ഒരുക്കിവെച്ച് കാത്തിരിക്കുകയാണ് കച്ചവടക്കാർ. മലയാളികളുടെ ഉടമസ്ഥതയിലുളള 12 ഏക്കർ കൃഷിയിടം, അതിൽ ഒരേക്കറോളം വരുന്ന മുന്തിരിപ്പാടം. പരിസരങ്ങളിൽ സന്ദർശകരെ കാത്തിരിക്കുന്ന കച്ചവടസ്ഥാപനങ്ങൾ. പഴവർഗങ്ങൾ, ലഘുഭക്ഷണങ്ങൾ, ഉപ്പിലിട്ടുവെച്ച ഭക്ഷണങ്ങൾ, ഐസ്‌ക്രീം അങ്ങനെയെല്ലാം.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL