സുൽത്താൻ ബത്തേരി: 2022 ലെ വന്യമൃഗാക്രമണം ചീരാൽ മേഖലയിൽ വീണ്ടും ആവർത്തിക്കപ്പെടുകയാണ്. വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ ഏറ്റവും കൂടുതൽ പിടികൂടികൊന്നത് 2022 ലെ ഇതേ മാസങ്ങളിലായിരുന്നു. ചീരാലിലും പരിസര പ്രദേശങ്ങളിലുമാണ് വളർത്തുമൃഗങ്ങൾക്ക് നേരെ കടുവ ആക്രമണം ഉണ്ടായത്. വെറും രണ്ട് മാസത്തിനുള്ളിൽ മുണ്ടക്കൊല്ലി വാർഡിൽ മാത്രം 14 പശുക്കളാണ് കടുവയ്ക്ക് ഭക്ഷണമായത്. പരിക്കേറ്റ് പിന്നീട് മരണപ്പെട്ടത് ഇതിന് പുറമെയും. നാമമാത്രമായി മാത്രം വനമുള്ള നെന്മേനി പഞ്ചായത്തിലാണ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വന്യമൃഗ ആക്രമണംഇപ്പോൾ ഉണ്ടാകുന്നത്. 2024 ന് ശേഷം മാത്രം അമ്പതിലേറെ വളർത്തുമൃഗങ്ങളെ കടുവ പുലി തുടങ്ങിയ വന്യജീവികൾ ആക്രമിച്ചു. ഇതിൽ മുപ്പതിലേറെയും കൊല്ലപ്പെട്ടു. പശു പോത്ത് ആട് തുടങ്ങിയ വളർത്തുമൃഗങ്ങളാണ് ഏറെയും ആക്രമണത്തിന് ഇരയായത്. ഏറ്റവും അവസാനം ഒരാഴ്ചക്കിടെ രണ്ട് പോത്തുകളെ കടുവയും രണ്ട് ആടുകളെ പുലിയും കൊലപ്പെടുത്തി. ഇന്നലെ പശുവിനെയും പുലി ആക്രമിച്ചു. കടുവയെയും പുലിയെയും പിടികൂടാൻ കൂടുകൾ സ്ഥാപിച്ചിട്ടും ഭീതിപരത്തുന്ന വന്യമൃഗങ്ങൾ കൂട്ടിലകപ്പെടാത്തത് നാട്ടുകാരുടെ ഭയാശങ്ക വർദ്ധിപ്പിക്കുകയാണ്. 2022ൽ ചീരാൽ മുണ്ടക്കൊല്ലി പ്രദേശങ്ങളിൽ പതിനാല് വളർത്തുമൃഗങ്ങളെ കൊലപ്പെടുത്തിയ കടുവ കൂട്ടിലകപ്പെട്ടിരുന്നു. പിന്നീട് ഒരു വർഷം മുമ്പ് ചീരാൽ നമ്പ്യാർകുന്ന് മേഖലകളിൽ നിന്ന് രണ്ട് പുലികളെയും വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയിരുന്നു. കൂടാതെ നമ്പ്യാർകുന്നിനോട് ചേർന്ന് തമിഴ്നാട് അതിർത്തിപ്രദേശത്തുനിന്ന് ഒരു പുലിയെ തമിഴ്നാട് വനംവകുപ്പ് പിടികൂടി. എന്നിട്ടും കടുവയുടെയും പുലിയുടെയും ശല്യം വർദ്ധിക്കുന്നത് കാരണം ജനങ്ങൾ പുറത്തിറങ്ങാൻവരെ ഭയപ്പെടുകാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |