കൽപ്പറ്റ: കാറോടിച്ചെത്തി പുള്ളിപ്പുലി, ബൈക്കിൽ പറന്നെത്തി മാവേലി. കഴിഞ്ഞ ദിവസം കൽപ്പറ്റ നഗരത്തിൽ കണ്ട കാഴ്ചയാണിത്. ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് മാവേലിയും പുലികളും. ഓണക്കാലമായാൽ താരം ഇവർ തന്നെയാണ്. മാവേലിയും പുലിക്കളിയും ഇല്ലാതെ ഒരു ഓണാഘോഷവും പൂർത്തിയാകില്ല. അതുകൊണ്ട് തന്നെ ഇത്തരംവേഷങ്ങൾ അണിയുന്ന കലാകാരന്മാർക്ക് ഈ സീസണിൽ വലിയ ഡിമാൻഡാണ്. ഒരു ദിവസം തന്നെ രണ്ടും മൂന്നും സ്ഥലങ്ങളിൽ വേഷമണിയുന്ന കലാകാരന്മാർ വരെ ജില്ലയിലുണ്ട്. നല്ല കുടവയറും ഉയരവും മാവേലിവേഷത്തിന് നിർബന്ധമാണ്. എന്നാലേ ആ തലയെടുപ്പ് വരികയുള്ളൂ. ഒരു പരിപാടിക്ക് 2000 മുതൽ 5000 രൂപ വരെയാണ് പ്രതിഫലം. ഇതിനുള്ളിൽ തന്നെമേക്കപ്പ് ചെലവും കണ്ടെത്തണം. മേക്കപ്പ് ഇട്ടാൽ പിന്നെ മണിക്കൂറുകളോളം ഒന്നും കഴിക്കാനാകില്ലെന്നാണ് കലാകാരന്മാർ പറയുന്നത്. കട്ടി മീശയും മുഖത്തെ ചായവും പോകുമെന്നതിനാൽ ഭക്ഷണംപോലും ഒഴിവാക്കും. എങ്കിലും മാവേലിവേഷം അണിയുന്നതിനെ അഭിമാനമായാണ് പലരും കാണുന്നത്. മാവേലിക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആളുകൾ തിക്കുംതിരക്കും കൂട്ടും. വേഷം അണിഞ്ഞത് ആരാണെന്ന് പലപ്പോഴും ആർക്കും അറിയില്ല. വേഷം അഴിച്ചാലേ ആളെ തിരിച്ചറിയൂ. ഈ ഓണക്കാലത്ത് ജില്ലയിൽ ആഘോഷങ്ങൾ കൂടിയതോടെ കലാകാരന്മാർക്ക് വിശ്രമിക്കാൻ പോലുംനേരമില്ലായിരുന്നു. തിരുവോണത്തോടനുബന്ധിച്ച് രണ്ടു ദിവസം മഴ മൂലം പരിപാടികൾ മുടങ്ങിയെങ്കിലും സമീപകാലത്ത് ഏറ്റവും കൂടുതൽ ഓണാഘോഷങ്ങൾ നടന്നത് ഇത്തവണയാണെന്നാണ് കലാകാരന്മാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |