തരിയോട്: പട്ടാപ്പകൽ ജനവാസ മേഖലയിൽ ഇറങ്ങിയ മുറിവാലൻ കൊമ്പന്റെ പരാക്രമം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. വ്യാഴാഴ്ച രാവിലെ തരിയോട് എട്ടാംമൈൽ പമ്പ് ഹൗസിന് സമീപമാണ് സംഭവം. റോഡരികിൽ മറച്ചുകെട്ടിയ ഷീറ്റ് തകർത്താണ് വാല് മുറിഞ്ഞ കാട്ടാനയായ മുറിവാലൻ റോഡിലേക്ക് എത്തിയത്. 30 മീറ്ററോളം മുന്നോട്ട് നീങ്ങിയ ആന, സ്‌കൂട്ടറിന്റെ ശബ്ദം കേട്ടതോടെ തിരിഞ്ഞ് സ്‌കൂട്ടർ യാത്രക്കാരന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനയെ കണ്ട് ഭയന്ന യാത്രക്കാരൻ വേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ആന സ്‌കൂട്ടറിന് നേരെ പാഞ്ഞടുക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണ് മുറിവാലൻ എന്ന് നാട്ടുകാർ പറയുന്നു. കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ സുഗന്ധഗിരി സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശമാണിത്. ഇവിടെ കുറഞ്ഞ ഭാഗത്ത് മാത്രമാണ് പ്രതിരോധ വേലി നിർമ്മിച്ചിട്ടുള്ളത്. അതുതന്നെ പല സ്ഥലങ്ങളിലും തകർന്നു കിടക്കുകയാണ്. ഇതാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്താൻ കാരണമെന്നും നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് ആർ.ആർ.ടി സംഘം സ്ഥലത്ത് പരിശോധന നടത്തി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |