സുൽത്താൻ ബത്തേരി : മൂന്ന് ആടുകളെ ആക്രമിച്ച് പ്രദേശത്ത് ഭീതി വിതച്ചുവന്ന പുലിയുടെ സാന്നിദ്ധ്യം വീണ്ടും വള്ളുവാടിയിൽ സ്ഥിരീകരിച്ചു. കുളത്തൂർകുന്ന് തോരമംഗലം ഭാഗത്ത് കൃഷിയിടത്തോട് ചേർന്നൊഴുകുന്ന നിർച്ചാലിലാണ് പുലിയുടെ കാൽപാടുകൾ ഇന്നലെ വീണ്ടും കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ക്യാമറകൾ കൂടുതലായി സ്ഥാപിക്കുകയും ചെയ്തു. ഒരാഴ്ചയിലായി പുലിഭീതി നിലനിൽക്കുകയാണ് ഈ ഗ്രാമം. കഴിഞ്ഞ ദിവസം പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് കൃഷിയിടത്തിനുസമീപത്തുള്ള നീർച്ചാലിലാണ് . സംഭവത്തെ തുടർന്ന് കുറിച്യാട് റെയിഞ്ചിലെ ഡെപ്യൂട്ടി റെയിഞ്ചർ അരവിന്ദന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. നീർച്ചാലിൽകണ്ടെത്തിയ കാൽപാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പ്രദേശത്തെ കൃഷിയിടങ്ങളടക്കം പരിശോധന നടത്തുകയും നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. കാൽപ്പാട് കണ്ട് ഭാഗത്തടക്കം ആറ് ക്യാമറകളാണ് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ പട്രോളിംഗ് ശക്തിപെടുത്തുകുയം ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി വള്ളുവാടി തോരമംഗലം, കുളത്തൂർകുന്ന് പ്രദേശങ്ങൾ പുലിഭീതിയിലാണ്. ഇതിനോടകം രണ്ട് ആടുകളെയും ഒരുനായയെയും കൊന്നുഭക്ഷിക്കുകയും ഒരാടിനെയും നായയെയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. കന്നുകാലികളെ വളർത്തിയാണ് പ്രദേശത്തെ ഭൂരിപക്ഷം കർഷകരും ഉപജീവനമാർഗം കണ്ടെത്തുന്നത്. നിലവിൽ പുലിഭീതി നിലനിൽക്കുന്നതിനാൽ പുല്ലരിയാൻ പറമ്പുകളിൽ പോകാനും കൃഷിപണികൾക്ക് പോകാനും പുലർച്ചെ പാലളക്കാൻ കേന്ദ്രങ്ങളിൽ പോകാനും കർഷകർ ഭയപ്പെടുകയാണ്. ഈ സാഹചര്യത്തിൽ എത്രയും വേഗം കൂട് വെച്ച് പുലിയെ പിടികൂടി ഭയാശങ്ക അകറ്റണമെന്നാണ് കർഷകരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |