സുൽത്താൻ ബത്തേരി: വെള്ളിയാഴ്ചത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്കും രണ്ടാം ശനിയും ഞായറും ഉൾപ്പെടെ തുടർച്ചയായ മൂന്നുദിവസത്തെ ബാങ്ക് അവധിയും ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ടൗണിലെയും പരിസരപ്രദേശങ്ങളിലെയും പല എ.ടി.എമ്മുകളിലും പണം ലഭിക്കാതെ വന്നതോടെ പണം പിൻവലിക്കാനെത്തിയവർ ഏറെ ബുദ്ധിമുട്ടി. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ടൗണിലെ പല എ.ടി.എമ്മുകളിലും പണത്തിന്റെ ലഭ്യത കുറഞ്ഞിരുന്നു. പിന്നീട് പല എ.ടി.എമ്മുകളിലും പണം പൂർണമായും തീർന്നു. ഇതോടെ പണം ആവശ്യമായവർ ഒന്നിലധികം എ.ടി.എമ്മുകൾ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടായി. എ.ടി.എമ്മിൽ പണം നിറയ്ക്കുമെന്ന് കരുതി സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ളവർ ഏറെ നേരം കാത്തുനിന്ന ശേഷമാണ് പലരും മടങ്ങിയത്. അതേസമയം, ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങൾ വ്യാപകമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ ക്യാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ പണം നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഇതും എ.ടി.എമ്മുകളിലെ പണലഭ്യതയെ ബാധിച്ചെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ.
ക്യാഷ് ഡിപ്പോസിറ്റ് മെഷീനുകളിൽ നിക്ഷേപിച്ച പണം ബാങ്കുകളിലേക്ക് മാറ്റാൻ ബാങ്ക് അവധി കാരണം സാധിക്കാതിരുന്നതോടെ പല മെഷീനുകളുടെയും സംഭരണശേഷി നിറഞ്ഞു. ഇതിനെത്തുടർന്ന് ചില സി.ഡി.എം മെഷീനുകളിൽ 'സ്റ്റോറേജ് ഫുൾ' എന്ന സന്ദേശവും ലഭിച്ചിരുന്നു. പണം നിക്ഷേപിക്കാൻ കഴിയാതിരുന്നതും ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കി. തുടർച്ചയായ അവധി ദിവസങ്ങളിൽ എ.ടി.എമ്മുകളിൽ ആവശ്യമായ തോതിൽ പണം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രത്യേകിച്ച് ബാങ്ക് അവധികൾ തുടർച്ചയായി വരുന്ന അവസരങ്ങളിൽ നഗരത്തിലെ പ്രധാന എ.ടി.എമ്മുകളിൽ മതിയായ പണം മുൻകൂട്ടി ഉറപ്പാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |