SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

സ്വർണ ഇറക്കുമതിയിൽ വൻകുതിപ്പ്

coins

തീരുവ കുറച്ചതോടെ ഔദ്യോഗിക ഇറക്കുമതി കൂടി

സ്വർണ കള്ളക്കടത്ത് കുറഞ്ഞു

കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിൽ എക്‌സൈസ് തീരുവ ഗണ്യമായി കുറച്ചതോടെ ആഗസ്‌റ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിൽ വൻകുതിപ്പുണ്ടായി. ഉത്സവകാലത്തെ ഉപഭോഗം ഉയർന്നതോടെ ആഗസ്റ്റിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി ജൂലായ് മാസത്തേക്കാൾ 221.41 ശതമാനം വർദ്ധനയോടെ 1006 കോടി ഡോളറായി. മുൻവർഷം ഇതേകാലയളവിൽ 490 കോടി ഡോളറിന്റെ സ്വർണമാണ് ഇന്ത്യയിലെത്തിയത്. ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചിരുന്നു. ഇതോടെ കള്ളക്കടത്ത് അനാകർഷകമായതാണ് ഔദ്യോഗിക മാർഗങ്ങളിലൂടെ സ്വർണ ഇറക്കുമതിക്ക് പ്രിയം വർദ്ധിപ്പിച്ചത്.

ഉത്സവ കാലയളവിൽ ഉപഭോഗം വർദ്ധിച്ചതും തീരുവയിലെ ഇളവും ഇറക്കുമതി കൂടാൻ സഹായിച്ചെന്ന് വാണിജ്യ സെക്രട്ടറി ബാർത്‌വാൾ പറഞ്ഞു.

ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് ആഭ്യന്തര വിപണിയിൽ വിവിധ ഘട്ടങ്ങളിലായി പവൻ വിലയിൽ 4,000 രൂപ കുറഞ്ഞിരുന്നു. എന്നാൽ ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങൾ മൂലം ഒന്നര മാസത്തിനിടെ വപൻ വില വീണ്ടും പഴയ നിരക്കിന് അടുത്തെത്തി. ഇന്നലെ കേരളത്തിൽ സ്വർണ വില പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയിലെത്തി. ഗ്രാമിന്റെ വില 15 രൂപ കുറഞ്ഞ് 6,850 രൂപയായി.

ആഗസ്റ്റിലെ സ്വർണ ഇറക്കുമതി 84,400 കോടി രൂപ

വെള്ളി ഇറക്കുമതിയും പറക്കുന്നു

ആഗസ്‌റ്റിൽ ഇന്ത്യയിലേക്കുള്ള വെള്ളി ഇറക്കുമതി ഏഴിരട്ടി വർദ്ധിച്ച് 11,038 കോടി രൂപയിലെത്തി. മുൻവർഷം ആഗസ്‌റ്റിൽ 1,317 കോടി രൂപയുടെ വെള്ളിയാണ് ഇന്ത്യ വാങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360