SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

ഓഹരി വിപണിയിൽ തിരുത്തൽകാലം അവസരമാക്കാം

investment

കരുതലോടെ ഓഹരികൾ വാങ്ങാം

കൊച്ചി: ഇന്ത്യൻ ഓഹരി വിപണി മൂന്ന് വർഷത്തിനിടെയിലെ ഏറ്റവും വലിയ തകർച്ചയെ അവസരമാക്കി നിക്ഷേപകർ. ഈയടുത്തൊന്നും വിപണിയിൽ ഇത്രയും വലിയ തിരുത്തലുണ്ടാവാത്തതിനാൽ കരുത്തുള്ള കമ്പനികളുടെ ഓഹരികൾ താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്നതാണ് അനുഗ്രഹമാകുന്നത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിലാണ് സെൻസെക്സും നിഫ്റ്റിയും ചെറുകിട, ഇടത്തരം ഓഹരികളും അടിപതറിയത്. അതേസമയം വിപണി സ്ഥിരതയിലെത്തുന്നതു വരെ കരുതലോടെ ഓഹരികൾ കണ്ടെത്തി വാങ്ങണമെന്ന് വിദഗ്ദ്ധർ പറയുന്നു. ആഗോള, ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ വിപണിയിലെ ഇടിവ് തുടരുമെന്നാണ് സൂചിപ്പിക്കുന്നത്. ദീർഘകാല നിക്ഷേപകർക്ക് വിപണിയിൽ പ്രവേശിക്കാൻ കഴിയുന്ന അവസരമാണ് ഇപ്പോഴത്തെ തകർച്ച സൃഷ്‌ടിക്കുന്നത്. കമ്പനികളുടെ പ്രവർത്തന ഫലങ്ങളും മാനേജ്‌മെന്റ് മികവും വളർച്ചാ സാദ്ധ്യതകളും കണക്കിലെടുത്ത് നിക്ഷേപ തീരുമാനമെടുക്കുന്നവർക്ക് അനുകൂല സാഹചര്യമാണ്.

കഴിഞ്ഞ വർഷങ്ങളിലെ മുന്നേറ്റത്തിൽ അടിത്തറ ശക്തമായ കമ്പനികളുടെ ഓഹരികൾ പോലും അനഭിലഷണീയമായ ഉയരങ്ങളിലേക്ക് ഉ‌ൗഹക്കച്ചവടക്കാർ കൊണ്ടുപോയി. ഇപ്പോഴത്തെ തിരുത്തൽകാലത്തിൽ വില ന്യായമായ തലത്തിലേക്ക് മടങ്ങിയെത്തിയതിനാൽ ബുദ്ധിപരമായ വാങ്ങലിന് മികച്ച സമയമാണെന്നും അനലിസ്‌റ്റുകൾ ചൂണ്ടിക്കാട്ടുന്നു

വിദേശ നിക്ഷേപ പിന്മാറ്റം വെല്ലുവിളി

ഒരു മാസമായി വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നും വലിയ തോതിൽ പണം പിൻവലിക്കുന്നതാണ് ഓഹരി വിപണിക്ക് വിനയാകുന്നത്. റെക്കാഡ് ഉയരത്തിൽ നിന്ന് സെൻസെക്സ് 6,600 പോയിന്റും നിഫ്‌റ്റി 2,071 പോയിന്റും നഷ്‌ടം ഇക്കാലയളവിൽ നേരിട്ടു. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) കണക്കുകളനുസരിച്ച് ഒക്ടോബറിൽ ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. അതേസമയം ആഭ്യന്തര ഫണ്ടുകൾ 92,000 കോടി രൂപയുടെ വാങ്ങൽ നടത്തി.

നിക്ഷേപകർ കാത്തിരിക്കുന്നത്

1. മാരുതി സുസുക്കി, ഭാരതി എയർടെൽ, എൽ ആൻഡ് ടി തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രവർത്തന ഫലമാണ് വിപണി പ്രധാനമായും കാത്തിരിക്കുന്നത്. കഴിഞ്ഞ വാരം ഇൻഡസ് ഇൻഡ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവരുടെ പ്രവർത്തന റിപ്പോർട്ടുകൾ നിരാശാജനകമായിരുന്നു

2. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് സൂചന. ഇറാനെതിരെ ഇസ്രയേൽ നടത്തിയ പരിമിതമായ ആക്രമണം എണ്ണ വില കുറയാൻ കാരണമായേക്കും. ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാകുന്ന സാഹചര്യമാണത്.

3. നവംബർ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിർണായകമാണെങ്കിലും അമേരിക്കയിലെ ആഭ്യന്തര മൊത്തം ഉത്പാദന(ജി.ഡി.പി) കണക്കുകൾ ഈ വാരം പുറത്തുവരും. ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കാൽ ശതമാനത്തിലധികം കുറയ്ക്കുമോയെന്ന് ജി.ഡി.പി വളർച്ച സൂചന നൽകും

ഒരു മാസം

നിക്ഷേപകരുടെ ആസ്തിയിലെ നഷ്‌ടം

30 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360