SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

വിദേശ നാണയ ശേഖരം മൂക്കുകുത്തുന്നു

curency

രൂപയെ സംരക്ഷിക്കാൻ ഡോളർ വിറ്റഴിച്ചത് വിനയായി

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണിയിൽ ഇടപെട്ടതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം എട്ടുമാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലത്തിലെത്തി. ഡിസംബർ 27ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 411.2 കോടി ഡോളർ കുറഞ്ഞ് 64,027.9 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തൊട്ടുമുന്നിലുള്ള വാരത്തിലും ശേഖരം 847.8 കോടി ഡോളറിന്റെ കുറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം സെപ്‌തംബർ അവസാനത്തിൽ റെക്കാഡ് ഉയരമായ 70,488.5 കോടി ഡോളറിലെത്തിയതിന് ശേഷമാണ് വിദേശ നാണയ ശേഖരം തുടർച്ചയായി ഇടിഞ്ഞത്. സിസംബർ 27ന് അവസാനിച്ച വാരത്തിൽ വിദേശ കറൻസികളുടെ മൂല്യം 464.1 കോടി ഡോളർ കുറഞ്ഞ് 55,192.1 കോടി ഡോളറിലെത്തി. അതേസമയം സ്വർണ ശേഖരത്തിന്റെ മൂല്യം 54.1 കോടി ഡോളർ ഉയർന്ന് 6,626.8 കോടി ഡോളറായി. സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സിന്റെ മൂല്യം 1.2 കോടി ഡോളർ കുറഞ്ഞ് 1,787.3 കോടി ഡോളറായി.

മൂന്ന് മാസത്തിനിടെ വിദേശ നാണയ ശേഖരത്തിലെ ഇടിവ്

6,460.6 കോടി ഡോളർ

റെക്കാഡ് ഇടിവ് തുടർന്ന് രൂപ

ഡോളറിനെതിരെ ചൈനീസ് യുവാന്റെ മൂല്യത്തകർച്ച രൂക്ഷമായതോടെ ഇന്ത്യൻ രൂപ പുതിയ റെക്കാഡ് താഴ്ചയിലെത്തി. ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യം കൂടിയതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. ഇന്നലെ ഡോളറിനെതിരെ രൂപ രണ്ട് പൈസയുടെ നഷ്ടത്തോടെ 85.77ൽ അവസാനിച്ചു. പലിശ കുറയാനുള്ള സാഹചര്യങ്ങളും നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ തീരുവ നിലപാടുകളുമാണ് ചൈനീസ് യുവാന് വിനയായത്. ഒൻപത് ആഴ്ചയായി ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി താഴുകയാണ്.

ഓഹരി വിപണിയിലും തകർച്ച

പുതുവർഷത്തെ ആദ്യ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം ലാഭമെടുപ്പിനെ തുടർന്ന് ഇന്ത്യൻ ഓഹരികൾ ഇന്നലെ കനത്ത തകർച്ച നേരിട്ടു. ബി.എസ്.ഇ സെൻസെക്‌സ് 720.60 പോയിന്റ് ഇടിഞ്ഞ് 79,223.11ൽ അവസാനിച്ചു. നിഫ്‌റ്റി 183.90 പോയിന്റ് നഷ്‌ടത്തോടെ 24,004.75ൽ എത്തി. ഐ.ടി, ബാങ്കിംഗ്, ഫാർമ്മ മേഖലകളിലെ ഓഹരികളാണ് തകർച്ചയ്‌ക്ക് നേതൃത്വം നൽകിയത്. ഒ.എൻ.ജി.സി, ടാറ്റ മോട്ടോഴ്സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ വിപ്രോ, എച്ച്.ഡി.എഫ്.സി ബാങ്ക്, അദാനി പോർട്ട്‌സ്, ടെക്ക് മഹീന്ദ്ര എന്നിവയാണ് പ്രധാനമായും നഷ്‌ടം നേരിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360