
കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങൾക്കിടയിലും റിസർവ് ബാങ്കിന്റെ പിന്തുണയിൽ ഇന്ത്യൻ രൂപ ഇന്നലെ ശക്തമായി തിരിച്ചുകയറി. ഒരു മാസത്തിനിടെയിലെ ഏറ്റവും വലിയ മൂല്യവർദ്ധനയാണ് ഇന്നലെ രൂപയുടെ മൂല്യത്തിലുണ്ടായത്. രാജ്യാന്തര വിപണിയിൽ ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവിനൊപ്പം റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതും രൂപയ്ക്ക് കരുത്ത് പകർന്നു. ഡോളറിനെതിരെ രൂപ ഇന്നലെ 85.71ൽ വ്യാപാരം പൂർത്തിയാക്കി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ഓഹരി വിപണി കനത്ത തകർച്ച നേരിട്ടതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് വലിയ തോതിൽ പണമൊഴുക്കിയതും രൂപയ്ക്ക് ഗുണമായി. കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങളിലും രൂപ റെക്കാഡ് പുതുക്കി താഴേക്ക് നീങ്ങുകയായിരുന്നു.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്ന തീരുമാനം കരുതലോടെ മാത്രമേ സ്വീകരിക്കൂവെന്ന റിപ്പോർട്ടുകളും ഇന്ത്യയോട് അമേരിക്ക ഉദാര സമീപനം സ്വീകരിക്കുമെന്ന വാർത്തകളും രൂപയ്ക്ക് ഗുണമായി. വിദേശ ബാങ്കുകൾ ഇന്നലെ വലിയ തോതിൽ ഡോളർ വിറ്റുമാറിയതും രൂപയ്ക്ക് ശക്തി പകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |