
ചൈനയുടെ എ.ഐ പ്ളാറ്റ്ഫോം ഡീപ്‌സീക്ക് വെല്ലുവിളിയാകുന്നു
കൊച്ചി: ചൈന കുറഞ്ഞ ചെലവിൽ വികസിപ്പിച്ച് ആഗോള വിപണിയിൽ അവതരിപ്പിച്ച നിർമ്മിത ബുദ്ധി പ്ളാറ്റ്ഫോമായ ഡീപ്പ്സീക്കിന്റെ കുതിപ്പ് ആഗോള ടെക്ക് ഭീമൻമാർക്ക് വെല്ലുവിളിയാകുന്നു. ലോകത്തിലെ മുൻനിര കമ്പനികളായ എൻവിഡിയ, ഓപ്പൺഎ.ഐ, മെറ്റ, ഗൂഗിൾ എന്നിവയുടെയെല്ലാം ഓഹരി വില തുടർച്ചയായ രണ്ടാം ദിവസവും തകർന്നടിഞ്ഞു. യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലെ ടെക്നോളജി കമ്പനികളുടെ ഓഹരികളിലും കനത്ത വിലത്തകർച്ചയുണ്ടായി. ചൈനയും യു.എസും തമ്മിലുള്ള സാങ്കേതികവിദ്യ യുദ്ധമായാണ് നിക്ഷേപകർ പുതിയ സാഹചര്യത്തെ വിലയിരുത്തുന്നത്. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം നേരിടാൻ ചൈന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണ്. ടെക്ക് കമ്പനികളുടെ യാഥാർത്ഥ്യബോധമില്ലാത്ത മൂല്യവുംവിപണികളിലെ അമേരിക്കൻ അപ്രമാധിത്വവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഡീപ്‌സീക്കിന്റെ വരവോടെ ലോകമെമ്പാടുമുള്ള കമ്പനികൾ നിർമ്മിത ബുദ്ധിയിൽ വലിയ നിക്ഷേപം നടത്തുന്നതിൽ പുനർവിചിന്തനം നടത്തുകയാണ്. വൻകിട ടെക്ക് ഭീമൻമാർ ഓരോ വർഷവും നടത്തുന്ന നിക്ഷേപത്തേക്കാൾ കുറഞ്ഞ ചെലവിലാണ് ഡീപ്‌സീക്ക് പുതിയ പ്ളാറ്റ്ഫോം വികസിപ്പിച്ചത്.
ഡീപ്പ്‌സീക്കിന്റെ നിർമ്മാണ ചെലവ്
58 ലക്ഷം ഡോളർ
സിലിക്കൺവാലിക്കുള്ള മുന്നറിയിപ്പെന്ന് ട്രംപ്
ഡീപ്‌സീക്കിന്റെ മുന്നേറ്റം അമേരിക്കയിലെ ടെക്ക് കമ്പനികൾ കൂടുതൽ കരുതലോടെ നീങ്ങണമെന്ന മുന്നറിയിപ്പാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിത ബുദ്ധി സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നതിനാൽ അമേരിക്കയ്ക്ക് പുതിയ സംഭവ വികാസങ്ങൾ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
എൻവിഡിയ മൂല്യം മൂക്കുകുത്തി
ഡീപ്പ്‌സീക്കിന് മികച്ച പ്രതികരണത്തിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ ഓഹരി വില തിങ്കളാഴ്ച തകർന്നടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് എൻവിഡിയയുടെ വിപണി മൂല്യത്തിൽ 60,000 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു കമ്പനിയുടെ വിപണി മൂല്യത്തിൽ ഒറ്റ ദിവസത്തിൽ ഇത്രയും വലിയ തകർച്ചയുണ്ടാകുന്നത്.
ഇന്ത്യയിലും വമ്പൻ ഹിറ്റ്
ആഗോള വിപണിയെ പിടിച്ചുകുലുക്കിയ ഡീപ്പ്‌സീക്കിന് ഇന്ത്യയിലും ഉപഭോക്താക്കൾ കൂടുന്നു. ആപ്പിളിന്റെ ഐ.ഒ.എസിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡാണ് ഡീപ്പ്‌സീക്ക് നേടിയത്. ചാറ്റ്ജിപിടി, ജെമിനി എന്നിവയെ ബഹുദൂരം പിന്നിലാക്കിയാണ് ഡീപ്പ്‌സീക്ക് കുതിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |